ഓഹ് ദിമി..ഓഹ് കരൺജിത്ത്..സമനിലയുമായി ബ്ലാസ്റ്റേഴ്സ്!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിട്ടുണ്ട്. ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ജംഷെഡ്പൂരിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും പിന്നീട് സമനില വഴങ്ങേണ്ടി വരികയായിരുന്നു.
ദിമിക്കൊപ്പം ജസ്റ്റിൻ ഇമ്മാനുവലായിരുന്നു മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടിയിരുന്നു. കളിയുടെ ഒഴുക്കിനെ വിപരീതമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സാണ് ലീഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ ജസ്റ്റിൻ ഇമ്മാനുവൽ നീക്കി നൽകിയ ബോൾ ദിമി ഫിനിഷ് ചെയ്യുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് കണ്ടെത്തി.
പക്ഷേ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ജംഷഡ്പൂർ സമനില ഗോൾ നേടുകയായിരുന്നു.എൽസിഞ്ഞോയുടെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത സിവേരിയോ അത് ഫിനിഷ് ചെയ്തു. ഇതോടെ രണ്ട് ടീമുകളും സമനിലയോടു കൂടി ആദ്യപകുതിയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ രണ്ട് ടീമുകളും നടത്തിയെങ്കിലും ഫലം കണ്ടില്ല.പിന്നീട് മത്സരത്തിന് റഫറി ഏഴ് മിനിറ്റ് അധികസമയം അനുവദിക്കുകയായിരുന്നു. ആ സമയത്ത് ചില മുന്നേറ്റങ്ങൾ നടന്നു.
ഒരു തകർപ്പൻ അവസരം ദിമിക്ക് വീണ് കിട്ടിയിരുന്നു. അദ്ദേഹം ഒരു പവർഫുൾ ഷോട്ട് ഉതിർക്കുകയും ചെയ്തു. പക്ഷേ ജംഷഡ്പൂർ ഗോൾകീപ്പർ രഹനേഷ് അത് തടഞ്ഞിടുകയായിരുന്നു.അതിനെ തുടർന്ന് ജംഷെഡ്പൂർ ഒരു കൗണ്ടർ അറ്റാക്ക് സംഘടിപ്പിച്ചു.അതിന്റെ ഫലമായിക്കൊണ്ട് സ്റ്റെവാനോവിച്ചിന് ഒരു സുവർണ്ണാവസരം ലഭിക്കുകയായിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കരൺജിത്തിന്റെ ധീരമായ ഇടപെടൽ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.അല്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങേണ്ടി വരുമായിരുന്നു.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന് പറയാം. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്