ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്. 2 ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. പഞ്ചാബിനായി ലൂക്ക മേയ്സൺ ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മുഹമ്മദ് ഐമന്റെ വകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് വന്നത്.ഐമൻ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. പകരം യോയ്‌ഹെൻബയായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൽ ടീമുകളും ഒരുപോലെയുള്ള പ്രകടനമാണ് പുറത്തെടുത്തത്.ലൂക്ക മേയ്സനെ മുൻനിർത്തിയുള്ള പഞ്ചാബിന്റെ ആക്രമണം പലപ്പോഴും ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി. ആദ്യ പകുതിയുടെ അവസാനത്തിൽ അവർ ലീഡ് എടുക്കുകയും ചെയ്തു. ഓഫ് സൈഡ് ട്രാപ്പിൽ നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറിയ മേയ്സൺ ഗോൾ നേടുകയായിരുന്നു.
ഇതോടെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് നിർബന്ധമായി.സമനില ഗോളിന് വേണ്ടി ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണങ്ങൾ നടത്തി. പ്രധാനമായും നോഹിനെ മുൻനിർത്തി തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ഉണ്ടായിരുന്നത്. അങ്ങനെ 57ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി.പെപ്രയുടെ മുന്നേറ്റത്തിനോടുവിൽ ഐമൻ ഗോൾ കണ്ടെത്തുകയായിരുന്നു.പെപ്രയുടെ അസിസ്റ്റ് എടുത്തു പറയേണ്ടത് തന്നെയാണ്. മത്സരത്തിന്റെ അവസാനത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സാണ്. അവസാന മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് ഒരു ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ലൂണയുടെ കിക്ക് ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി. പിന്നീട് നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയായ ഒരു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
അവസാന സെക്കൻഡിൽ പെപ്രയുടെ ഒരു ഹെഡർ ഉണ്ടായിരുന്നു. അത് പോസ്റ്റിൽ ഇടിച്ച് മടങ്ങുകയായിരുന്നു.അതോടെ മത്സരം അവസാനിക്കുകയും ചെയ്തു. നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനും പഞ്ചാബിനും ഒരേ പോയിന്റ് ആണ് ഉള്ളത്.എന്നാൽ ഗോളിന്റെ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. ഇനി അടുത്ത മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.