നഷ്ടപ്പെടുത്തിയ അവസരങ്ങളെയോർത്ത് പശ്ചാത്തപിക്കാം,വീണ്ടും പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്!
അങ്ങനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ഐഎസ്എല്ലിലെ യാത്ര അവസാനിച്ചിരിക്കുന്നു. ഒഡീഷ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുന്നു.ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 87ആം മിനിട്ട് വരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് പടിക്കൽ കലമുടക്കുകയായിരുന്നു.
ഫെഡോർ,ഐമൻ എന്നിവരെ മുൻനിർത്തിയാണ് ഇവാൻ ആക്രമണങ്ങൾ നെയ്തത്. ആദ്യപകുതിയിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തു.3 സുവർണ്ണാവസരങ്ങൾ ആ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.ചെർനിച്ച് രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയപ്പോൾ ഐമൻ ഒരു ഗോൾഡൻ ചാൻസ് കളഞ്ഞു കുളിക്കുകയായിരുന്നു. പക്ഷേ അതിനിടെ ഒരു ഗോൾ ബ്ലാസ്റ്റേഴ്സ് നേടി. മത്സരത്തിന്റെ 67ആം മിനിറ്റിൽ ഐമന്റെ അസിസ്റ്റിൽ നിന്ന് ചെർനിയാണ് ഗോൾ നേടിയത്. ഈ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം നേടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ ഉണ്ടായിരുന്നത്.
എന്നാൽ മത്സരത്തിന്റെ 87ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ അസിസ്റ്റിൽ നിന്ന് ഡിയഗോ മൗറിഷിയോ ഗോൾ കണ്ടെത്തി സമനില നേടുകയായിരുന്നു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.98ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് ഒഡീഷ മുന്നിലെത്തുകയായിരുന്നു.ഇസാക്ക് റാൾട്ടെയാണ് ഗോൾ കണ്ടെത്തിയത്.
റോയി കൃഷ്ണ തന്നെയാണ് അസിസ്റ്റ് നൽകിയത്. ആദ്യത്തെ ഗോൾ വഴങ്ങിയതിന് സമാനമായ ഗോൾ തന്നെയാണ് രണ്ടാമതും വഴങ്ങിയത്.ഇതോടെ ബ്ലാസ്റ്റേഴ്സ് തോറ്റു പുറത്തായി.അഡ്രിയാൻ ലൂണ പകരക്കാരനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയതൊന്നും ബ്ലാസ്റ്റേഴ്സിന് അനുകൂലമായില്ല.ദിമി ഇല്ലാത്തത് തിരിച്ചടിയായി. ഒഡീഷ ഗോൾകീപ്പറിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയാവുകയായിരുന്നു.