കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണും നിരാശാജനകമായിരുന്നു.മൂന്ന് ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും കന്നി കിരീടം ഇപ്പോഴും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. എടുത്ത് പറയാൻ സാധിക്കുന്ന നേട്ടം ഐഎസ്എൽ പ്ലേ ഓഫിൽ പ്രവേശിച്ചതാണ്.എന്നാൽ ഒഡീഷയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയും ചെയ്തു.
ഏതായാലും ടീമിൽ വലിയ അഴിച്ചു പണികൾ നടത്താൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് പോലും അതിന്റെ ഭാഗമാണ്.ബ്ലാസ്റ്റേഴ്സ് പല താരങ്ങളെയും കൈവിടാൻ സാധ്യതയുണ്ട്. എന്നാൽ പ്രതിരോധനിരയിലെ ഇന്ത്യൻ താരമായ നവോച്ച സിങ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ഇപ്പോൾ ഒഫീഷ്യലായിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ മുംബൈ സിറ്റിയുടെ താരമാണ് അദ്ദേഹം. ലോൺ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം കളിക്കുന്നത്.അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി പുതുക്കുകയായിരുന്നു.2025 വരെ നവോച്ച ക്ലബ്ബിൽ തുടരും എന്നത് ഉറപ്പായി കഴിഞ്ഞു.വിങ് ബാക്ക് പൊസിഷനിലായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.
പല താരങ്ങളുടെയും കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്.ബ്ലാസ്റ്റേഴ്സ് ഓഫറുകൾ നൽകുകയും ചെയ്തിട്ടുണ്ട്.താരങ്ങളാണ് തീരുമാനങ്ങൾ എടുക്കാൻ ഉള്ളത്.ദിമി,ലൂണ എന്നിവർക്കൊക്കെ ബ്ലാസ്റ്റേഴ്സ് പുതിയ ഓഫറുകൾ നൽകിയിട്ടുണ്ട്. പക്ഷേ താരങ്ങൾ തീരുമാനം ഒന്നും എടുത്തിട്ടില്ല.ദിമി ബ്ലാസ്റ്റേഴ്സിൽ തുടരുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ് നിലകൊള്ളുന്നത്.