ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ താരങ്ങളുടെ സൈനിങ്ങ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല.
നാല് വിദേശ താരങ്ങൾക്ക് പുറമേ രണ്ട് ഡൊമസ്റ്റിക്ക് താരങ്ങളും ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് ഔദ്യോഗികമായി കൊണ്ട് വിട്ടിട്ടുണ്ട്.പകരക്കാരെ പ്രഖ്യാപിക്കാത്തത് ആരാധകർക്ക് കടുത്ത നിരാശയുണ്ട്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട റൂമറുകൾ വളരെ സജീവമാണ്.അദ്ദേഹത്തെ സ്വന്തമാക്കാൻ ചില ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്.ബ്ലാസ്റ്റേഴ്സ് ഒരുപക്ഷേ അദ്ദേഹത്തെ കൈവിട്ടേക്കും എന്ന വാർത്തകൾ വരെ സജീവമാണ്.
അതായത് അദ്ദേഹത്തിന്റെ കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ സമ്മറിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് വിൽക്കാൻ സാധ്യതയുണ്ട്. മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ എന്നിവരൊക്കെ താരത്തിന് വേണ്ടി രംഗത്തുണ്ട്.ഇതൊക്കെ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.ജീക്സണെ നഷ്ടമാകുമോ എന്ന ഭീതിയാണ് ആരാധകർക്ക് ഉള്ളത്.
അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് എക്‌സിൽ ചില ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.ജീക്സൺ സിങ്ങിന്റെ കോൺട്രാക്ട് പുതുക്കൂ എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളും അക്കൗണ്ടുകളും ഇപ്പോൾ സജീവമായി തുടങ്ങിയിട്ടുണ്ട്. എന്ത് വിലകൊടുത്തും താരത്തെ നിലനിർത്തണമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ക്ലബ്ബിനോട് ആവശ്യപ്പെടുന്നത്.
2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് ഇദ്ദേഹം.22 വയസ്സുള്ള താരം ഭാവി വാഗ്ദാനവുമാണ്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടിയും ഒരുപാട് മത്സരങ്ങൾ ജീക്സൺ കളിച്ചിട്ടുണ്ട്.പരിക്ക് കാരണം കഴിഞ്ഞ സീസണിൽ പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു.താരത്തെ നഷ്ടമായി കഴിഞ്ഞാൽ അത് നികത്താനാവാത്ത വിടവ് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.