കേരള ബ്ലാസ്റ്റേഴ്സിന് ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപാട് ആരാധകരെ നമുക്ക് ചുറ്റിലും കാണാം. ബ്ലാസ്റ്റേഴ്സിന്റെ ഓരോ അപ്ഡേറ്റുകളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന, അപ്ഡേറ്റുകൾക്ക് വേണ്ടി നിരന്തരം ആവശ്യപ്പെടുന്ന, ബ്ലാസ്റ്റേഴ്സിന്റെ ഓരോ വിജയവും നന്നായി ആഘോഷിക്കുന്ന ഒരുപാട് ആരാധകർ നമുക്ക് ചുറ്റിലുമുണ്ട്. പ്രത്യേകിച്ച് ട്വിറ്ററിൽ ഇത്തരം ആരാധകരെ ഒരുപാട് കാണാൻ സാധിച്ചേക്കും.
അതിനൊരു ഉദാഹരണം പറയാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം സജീവമാണ്. പുതിയ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു അവർക്ക് അറിയേണ്ടത്.മാർക്കസ് മെർഗുലാവോയോട് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ്. കാരണം ഈ ക്ലബ്ബിന് അത്രയധികം നെഞ്ചിലേറ്റിയവരാണ് ആരാധകർ.പലരുടെയും ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് ബ്ലാസ്റ്റേഴ്സ്.
പക്ഷേ ക്ലബ്ബ് മാനേജ്മെന്റിന് അങ്ങനെയൊന്നുമില്ല.നല്ല താരങ്ങളെ നല്ല തുകക്ക് വിൽക്കും. ആവറേജ് താരങ്ങളെ കൊണ്ടുവരുമെന്നതിന് അപ്പുറത്തേക്ക് പ്രത്യേകിച്ച് ഒന്നുമില്ല.ഡ്യൂറന്റ് കപ്പിൽ ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട് പുറത്തായത് പതിവുപോലെ ആരാധകർക്ക് നിരാശ നൽകിയിട്ടുണ്ട്. മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയത്. അർഹിച്ച തോൽവിയാണ് വഴങ്ങിയെങ്കിലും ചിരവൈരികളായ ബംഗളൂരുവിനോട് തോറ്റത് ആരാധകരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ഒരു ആരാധകന്റെ അഭിപ്രായം ശ്രദ്ധേയമായിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് മെന്റൽ ഹെൽത്തിനെ ബാധിച്ചു തുടങ്ങി എന്നാണ് ഇദ്ദേഹം പറയുന്നത്.ബ്ലാസ്റ്റേഴ്സിനെ അമിതമായ സ്നേഹിക്കുന്നു,എന്നാൽ ക്ലബ്ബ് നൽകുന്നത് തോൽവികളും നിരാശകളും മാത്രം.അത് മാനസികാരോഗ്യത്തെ വല്ലാതെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിൽ നിന്നും പതിയെ അകലാനാണ് ഈ ആരാധകൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ അപ്ഡേറ്റുകൾക്കായി അലയുന്നത് നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ക്ലബ്ബിനെ കുറിച്ച് ധാരാളം സംസാരിക്കുന്നത് കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ക്ലബ്ബുമായി ബന്ധപ്പെട്ട സാധരണ സാമഗ്രികൾ വാങ്ങുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ പതിയെ പതിയെ ക്ലബ്ബിന് പ്രാധാന്യം നൽകുന്നത് കുറച്ചാൽ മാനസികാരോഗ്യം മെച്ചപ്പെടും എന്ന് തന്നെയാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്.ഇന്നലെ പരാജയപ്പെട്ടതിനു പിന്നാലെ ബംഗളൂരു ആരാധകരിൽ നിന്നും വലിയ ട്രോളുകളാണ് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ലഭിക്കുന്നത്. ബംഗളൂരു എഫ്സിയുടെ ഒഫീഷ്യൽ അക്കൗണ്ട് പോലും ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചിട്ടുണ്ട്.ചുരുക്കത്തിൽ ഈ ക്ലബ്ബ് സന്തോഷങ്ങൾ ഒന്നും നൽകുന്നില്ല,മറിച്ച് സങ്കടങ്ങൾ മാത്രമാണ് നൽകുന്നത് എന്ന് തിരിച്ചറിഞ്ഞ ആരാധകർ പതിയെ അകലാൻ പോവുകയാണ്.