കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പത്താം സീസണിലെ യാത്രയും പ്ലേ ഓഫിൽ അവസാനിച്ചിട്ടുണ്ട്. ഒഡീഷ എഫ്സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ കിരീടമില്ലാത്ത യാത്ര തുടരുകയാണ്. സീസണിന്റെ തുടക്കത്തിൽ വലിയ പ്രതീക്ഷകൾ നൽകിയ ബ്ലാസ്റ്റേഴ്സ് രണ്ടാംഘട്ടത്തിൽ അതെല്ലാം തകിടം മറിക്കുകയായിരുന്നു.
പരിക്ക് ഉൾപ്പെടെയുള്ള പല പ്രതിസന്ധികളും അതിന് കാരണമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് മൂന്നാം തവണയും ക്ലബ്ബിന് കിരീടം നേടി കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് തവണയും പ്ലേ ഓഫിൽ എത്തിയിട്ടുണ്ടെങ്കിലും കിരീട ജേതാക്കളാവാൻ സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല ഡ്യൂറന്റ് കപ്പ്,സൂപ്പർ കപ്പ് തുടങ്ങിയ കിരീടങ്ങൾ ഒന്നും തന്നെ ക്ലബ്ബിന് നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടില്ല.
അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനെ വുക്മനോവിച്ച് തന്നെയാണ് പരിശീലിപ്പിക്കുക. അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിശീലകൻ തന്നെ നിരസിച്ചിരുന്നു. എന്നാൽ വീണ്ടും വുക്മനോവിച്ചിന് തന്നെ അവസരം നൽകുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകനും ബ്ലാസ്റ്റേഴ്സിന്റെ എതിർ ആരാധകനുമായ ജ്യോതിർമൊയ്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഗവൺമെന്റ് ജോലിയെക്കാൾ സുരക്ഷിതമായിട്ടുള്ള ഒരു ജോലിയാണ്.ലോയൽറ്റി നല്ലതാണ്, അഭിനന്ദനാർഹവുമാണ്.ഈ ലോയൽ ആരാധകർക്ക് തിരികെ എന്താണ് ലഭിക്കുന്നത്?ഇത് വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മൂന്ന് വർഷം കൊണ്ടും റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്ത ഒരാൾക്ക് മറ്റൊരു വർഷം കൂടി നൽകുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല,ഇതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
അതായത് മൂന്ന് വർഷമായിട്ടും ഒരു കിരീടം പോലും നൽകാൻ സാധിക്കാത്ത വുക്മനോവിച്ചിന് ഇനി അവസരം നൽകേണ്ടതില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ നിലവിൽ ക്ലബ്ബിന് അത്തരത്തിലുള്ള ചിന്തകൾ ഒന്നുമില്ല.വുക്മനോവിച്ച് തന്നെയായിരിക്കും അടുത്ത സീസണിലും. എന്നാൽ ആരാധകർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. അദ്ദേഹത്തിന് പകരം മറ്റൊരാളെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നവരും അദ്ദേഹത്തിന് വീണ്ടും അവസരം നൽകണമെന്ന് അഭിപ്രായപ്പെടുന്നവരും ധാരാളമാണ്.