കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തിൽ ലൊദെയ്റോ വീഴുമോ? താരത്തിന്റെ സോഷ്യൽ മീഡിയയിൽ ആരാധകപ്രവാഹം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ദീർഘകാലത്തേക്ക് നഷ്ടമായത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. അത്രയും സുപ്രധാനതാരമാണ് അദ്ദേഹം. പക്ഷേ ഇനി ഈ സീസണിൽ ലൂണ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.സർജറി പൂർത്തിയായ അദ്ദേഹത്തിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
പക്ഷേ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അമാന്തിച്ചിരിക്കാൻ സമയമില്ല.എത്രയും പെട്ടെന്ന് ഒരു മികവുറ്റ താരത്തെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് എത്തിക്കേണ്ടതുണ്ട്.അതിന് പറ്റിയ സൂപ്പർതാരത്തെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുണ്ട്.ഉറുഗ്വൻ സൂപ്പർതാരമായ നിക്കോളാസ് ലൊദെയ്റോക്ക് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇന്നലെ ഉറുഗ്വൻ മാധ്യമപ്രവർത്തകർ പങ്കുവെച്ചിരുന്നു.
അതായത് മൂന്ന് രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ ലൊദെയ്റോക്ക് ഓഫർ ഉള്ളത്. അതിലൊന്ന് ഉറുഗ്വയിലെ വമ്പന്മാരായ നാസിയോണലിൽ നിന്നാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ വന്നതിന് പിന്നാലെ ഇദ്ദേഹം നാസിയോണലുമായുള്ള ചർച്ചകൾ നിർത്തിവച്ചിരുന്നു.പക്ഷേ താരത്തിന്റെ ഏജന്റ് അദ്ദേഹം ഒരു വിദേശ രാജ്യത്ത് കളിക്കാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹം മനസ്സ് മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് തിരഞ്ഞെടുക്കും എന്ന പ്രതീക്ഷയിൽ ആരാധകരുണ്ട്.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തിൽ ഈ ഉറുഗ്വൻ സൂപ്പർ താരം വീഴുമോ എന്നതാണ് കാണേണ്ട കാര്യം. കാരണം അദ്ദേഹത്തിന്റെ റൂമർ വന്നതിന് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ആരാധകപ്രവാഹമാണ്. പ്രത്യേകിച്ച് ലൊദെയ്റോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ് ബോക്സുകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കീഴടക്കി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനാണ് അദ്ദേഹത്തോട് ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ സ്നേഹം തീർച്ചയായും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി കാണണം.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണവും വർധിക്കുന്നുണ്ട്.ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന് ഇദ്ദേഹം ഗൗരവമായി തന്നെ പരിഗണിച്ചേക്കും.ഉറുഗ്വയുടെ നാഷണൽ ടീമിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഈ താരം കോപ്പ അമേരിക്ക കിരീടവും നേടിയിട്ടുണ്ട്. അമേരിക്കൻ ലീഗായ എംഎൽഎസിലായിരുന്നു ലൊദെയ്റോ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്.ഏതായാലും ഈ മാസത്തിന്റെ ഏറ്റവും അവസാനത്തിൽ അദ്ദേഹം തീരുമാനം എടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.