നടത്തിയത് തകർപ്പൻ പ്രകടനം,രാഹുലിന്റെയും കരൺജിത്തിന്റെയും സ്ഥാനത്ത് അവർ തന്നെ കളിക്കട്ടേയെന്ന് ആരാധകർ!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ യുവ താരം ഐമനാണ് തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.ഡൈസുകെ സക്കായ്,നിഹാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൗരവ് മണ്ടലും തിളങ്ങിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപി ഈ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.മത്സരങ്ങളുടെ ഭാഗമായിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു മത്സരങ്ങളിൽ ഇമ്പാക്ടുകൾ ഉണ്ടാക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. രാഹുലിന് പകരം മറ്റു താരങ്ങളെ ഉപയോഗപ്പെടുത്തണം എന്ന് ആരാധകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലത്തെ മത്സരത്തിൽ വിങറായി കൊണ്ട് ഇറങ്ങിയത് സൗരവ് മണ്ടലാണ്.കിടിലൻ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ പല മുന്നേറ്റങ്ങളും വന്നത് മണ്ടലിന്റെ വിങ്ങിലൂടെയായിരുന്നു.മത്സരത്തിൽ അദ്ദേഹം രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കി.ഹൈദരാബാദിന് വലിയ വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പ്രത്യേകിച്ച് സക്കായ് നേടിയ ഗോളിന്റെ ക്രെഡിറ്റ് യഥാർത്ഥത്തിൽ നൽകേണ്ടത് മണ്ടലിനാണ്. അത്രയധികം മികച്ച രൂപത്തിലാണ് അദ്ദേഹം ആ അസിസ്റ്റ് ഒരുക്കിയിട്ടുള്ളത്.ജാപനീസ് താരത്തിന് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇനി രാഹുലിനെ കളിപ്പിക്കുന്നതിനു പകരം സൗരവിനെ കളിപ്പിച്ചാൽ മതി എന്നാണ് ആരാധകർ പറയുന്നത്.
മറ്റൊന്ന് ഗോൾകീപ്പിംഗ് പൊസിഷനാണ്.സീനിയർ താരമായ കരൺജിത്ത് സിംഗിന് പരിമിതികൾ ഉണ്ട് എന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രകടനങ്ങളിൽ നിന്നും വ്യക്തമായതാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഗോൾ വല കാത്ത ലാറ ശർമ്മ മോശമല്ലാത്ത രൂപത്തിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ലാറയെ ഉപയോഗപ്പെടുത്തിയാൽ മതി എന്ന് ചില ആരാധകർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.