ആരാധകരുടെ കരുത്ത് കണ്ട് അമ്പരന്ന് സ്റ്റാറെ,ഫോൺ ഫ്ലൈറ്റ് മോഡിലാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം. രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ കൊണ്ടുവന്നാലും താരങ്ങളെ കൊണ്ടുവന്നാലും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കൽ പതിവാണ്. തങ്ങളാൽ സാധ്യമായ എല്ലാവിധ പിന്തുണയും ബ്ലാസ്റ്റേഴ്സ് ആരാധകർ അവർക്ക് നൽകാറുണ്ട്.

കേരള ബ്ലാസ്റ്റേഴ്സുമായി കരാർ സൈൻ ചെയ്തതിന് പിന്നാലെ സ്റ്റാറെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദിവസം കൂടുന്തോറും ഫോളോവേഴ്സിന്‍റെ എണ്ണം അത്ഭുതകരമായ രീതിയിൽ വർദ്ധിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ രാജ്യമായ സ്വീഡനിൽ വലിയ വാർത്തയായിട്ടുണ്ട്.

സ്വീഡിഷ് മാധ്യമങ്ങൾ ഒരിക്കൽ കൂടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അതിൽ പ്രധാനമായും സംസാരിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ചും ഇൻസ്റ്റഗ്രാമിലെ ഈ വലിയ ഫോളോവേഴ്സിനെ കുറിച്ചുമാണ്. ആരാധകരുടെ കരുത്ത് കണ്ട് ഈ പരിശീലകൻ അമ്പരന്നിട്ടുണ്ട്. തന്റെ ഫോൺ ഫ്ലൈറ്റ് മോഡിലാക്കി എന്നാണ് ഇതേ കുറിച്ച് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

വലിയ ശബ്ദ കോലാഹലങ്ങളാണ് പല രീതികളിലൂടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ക്ലബ്ബാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് പൂജ്യത്തിൽ നിന്നും ഒരു ലക്ഷത്തിലേക്ക് ഫോളോവേഴ്സ് എത്തിയത്. സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ ചെറിയ ഒരു വെക്കേഷൻ മാത്രമാണ് ആവശ്യം. ഇതുവരെ ഞാൻ എന്റെ നോട്ടിഫിക്കേഷൻ ഓഫാക്കിയിട്ടില്ല. പക്ഷേ അതിനി ഓഫാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഞാനിപ്പോൾ ഫോൺ ഫ്ലൈറ്റ് മോഡിലാണ് ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമായ ഒരു വ്യക്തിയല്ല ഞാൻ. എന്റെ കരിയറിൽ ഉടനീളം ഇത്തരം കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്, ഇതാണ് ഇപ്പോൾ മാധ്യമങ്ങളോട് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.

ജൂലൈ മാസത്തിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. അതിന് മുന്നേ ഈ പരിശീലകൻ കേരളത്തിൽ എത്തിയേക്കും. വലിയ ഒരു വരവേൽപ്പ് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ അദ്ദേഹത്തിന് നൽകുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Kerala BlastersMikael Stahre
Comments (0)
Add Comment