പിറന്നത് റെക്കോർഡ്, പേടിസ്വപ്നങ്ങളുടെ സ്റ്റേഷനിലേക്ക് സ്വാഗതമെന്ന് മഞ്ഞപ്പട,അഡ്രിയാൻ ലൂണയേയും ഓർത്ത് ബ്ലാസ്റ്റേഴ്സ് ഫാൻസ്.
ക്രിസ്മസ് രാവിൽ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിലെ വിജയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിട്ടുള്ളത്. മറ്റേതെങ്കിലും ടീമിനെ തോൽപ്പിക്കുന്നത് പോലെയല്ല മുംബൈ സിറ്റിയെ തോൽപ്പിച്ചത്,അതിന് പിന്നിൽ ഒരു പ്രതികാരദാഹം കൂടിയുണ്ടായിരുന്നു.മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്നതൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. അവരുടെ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്ന പെരുമാറ്റവും വിസ്മരിക്കാൻ സാധിക്കുന്നതായിരുന്നില്ല.
റോസ്സ്റ്റിൻ ഗ്രിഫിത്ത്സ് ഉൾപ്പെടെയുള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചിരുന്നു. അതിനെല്ലാം പലിശ സഹിതം പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.കൊച്ചിയിലേക്ക് വരുന്ന സമയത്ത് തന്നെ മുംബൈ സിറ്റി താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങളെ കാത്തിരിക്കുന്നത് നരകമാണ് എന്നായിരുന്നു ആ മുന്നറിയിപ്പ്.
പറഞ്ഞത് ചെയ്തു കാണിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കാരണം ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയത് നിരവധി ആരാധകരായിരുന്നു.റെക്കോർഡ് അറ്റൻഡൻസാണ് ഇന്നലെ രേഖപ്പെടുത്തിയിട്ടുള്ളത്. 34,981 പേരാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലത്തെ മത്സരം വീക്ഷിക്കാൻ ഉണ്ടായിരുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലെത്തി വീക്ഷിച്ച മത്സരം കൂടിയാണ് ഈ മത്സരം. യഥാർത്ഥത്തിൽ മുംബൈ സിറ്റിക്ക് ആരാധകർ തന്നെ കാര്യങ്ങൾ ദുഷ്കരമാക്കുകയായിരുന്നു.
എടുത്ത് പറയേണ്ട മറ്റൊരു കാര്യം മഞ്ഞപ്പടയുടെ ടിഫോയാണ്. മുംബൈ സിറ്റി താരങ്ങൾക്കുള്ള ഒരു വാണിംഗാണ് ആദ്യ ടിഫോയിലുണ്ടായിരുന്നത്. വെൽക്കം ടു ദി നൈറ്റ് നൈറ്റ്മെയർ സ്റ്റേഷൻ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.പേടിസ്വപ്നങ്ങളുടെ സ്റ്റേഷനിലേക്ക് സ്വാഗതം എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മുംബൈ താരങ്ങളോട് പറഞ്ഞിരുന്നത്. എടുത്തു പറയേണ്ട മറ്റൊരു ടിഫോ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ ഓർത്ത് കൊണ്ടുള്ളതായിരുന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന ലൂണക്ക് പ്രചോദനമേകുന്ന വാക്കുകളായിരുന്നു ടിഫോയിൽ ഉണ്ടായിരുന്നത്. റീചാർജ് ചെയ്യൂ ലൂണ,ഞങ്ങൾ നിങ്ങളുടെ മാന്ത്രികതയെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ നായകനോട് പറഞ്ഞിരുന്നത്. വേറെയും ടിഫോകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തിയിരുന്നു.
ടസ്ക്കർ ഈ നഗരം കത്തിച്ചു എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആർമിയുടെ ടിഫോ. നിങ്ങൾ ചെയ്തതിന് ഇത് നിങ്ങളുടെ ഒരു നരകമായി മാറും എന്നായിരുന്നു മറ്റൊരു ടിഫോയിൽ ഉണ്ടായിരുന്നത്. ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് ശരിക്കും ഇന്നലത്തെ മത്സരത്തിൽ എല്ലാവരും അറിഞ്ഞിട്ടുണ്ട്.ഒരു പ്രത്യേക താൽപര്യത്തോടെ കൂടിയാണ് മുമ്പേ സിറ്റിക്കെതിരെയുള്ള മത്സരത്തെ ബ്ലാസ്റ്റേഴ്സ് സമീപിച്ചത്.അതിനുള്ള ഒരു റിസൾട്ട് ഇന്നലെ ലഭിക്കുകയും ചെയ്തു.