കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തി!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ രണ്ട് പേരും ഒരുമിച്ച് തീരുമാനമെടുത്തു എന്നാണ് അറിയാൻ കഴിയുന്നത്.ഇവാൻ വുക്മനോവിച്ച് പുറത്തിറക്കിയ വിടവാങ്ങൽ കുറിപ്പിൽ നിന്ന് അങ്ങനെയാണ് വ്യക്തമാവുന്നത്.

ഏതായാലും ബ്ലാസ്റ്റേഴ്സിനോടൊപ്പം വുക്മനോവിച്ച് ഇനിയില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.ഇതിനിടെ ടൈംസ് ഓഫ് ഇന്ത്യ ഇന്നലെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അതിലൂടെ മാർക്കസ് മെർഗുലാവോ നടത്തിയിട്ടുള്ളത്. അതായത് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു കോടി രൂപ പിഴയായി കൊണ്ട് ചുമത്തപ്പെട്ടിരുന്നു എന്നാണ് ഇപ്പോൾ ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് കഴിഞ്ഞ വർഷത്തെ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട് പുറത്തായ രീതി എല്ലാവർക്കും അറിയാം. അന്ന് ഇവാൻ വുക്മനോവിച്ച് നൽകിയ നിർദ്ദേശപ്രകാരം എല്ലാ താരങ്ങളും കളിക്കളം വിട്ടുകൊണ്ട് മത്സരം ബഹിഷ്കരിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി നാല് കോടി രൂപയോളം പിഴ ചുമത്തിയിരുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പിഴകൾ ക്ലബ്ബിന് ലഭിച്ചു കഴിഞ്ഞാൽ മാനേജ്മെന്റാണ് അത് അടക്കാറുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൂർണ്ണമായും അതിനു തയ്യാറായില്ല. മറിച്ച് ഇവാൻ കുറ്റക്കാരനാണ് എന്ന് കാണിച്ചുകൊണ്ട് അദ്ദേഹത്തിനു കൂടി ഇതിന്റെ ഉത്തരവാദിത്വം നൽകുകയായിരുന്നു.

അതായത് ഒരു കോടി രൂപ അദ്ദേഹത്തിന്റെ പക്കലിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഈടാക്കി.CAS കോടതിയിൽ നൽകിയ അപ്പീലിലൂടെയാണ് ഇക്കാര്യം ഇപ്പോൾ വ്യക്തമായിട്ടുള്ളത്. മുൻപ് മാധ്യമങ്ങൾക്കൊന്നും ലഭിക്കാത്ത വിവരമാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ഈ ഒരു തീരുമാനം കൂടി വുക്മനോവിച്ച് ക്ലബ്ബ് വിടുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം എന്നാണ് റിപ്പോർട്ടുകൾ.ഇവാൻ വുക്മനോവിച്ചിനോടൊപ്പം നിലകൊള്ളുന്നതിന് പകരം അദ്ദേഹത്തിൽനിന്നും വലിയ ഒരു തുക വാങ്ങിയതിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

ഏതായാലും പുതിയ പരിശീലകനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. മത്സരം ബഹിഷ്കരിച്ച വിഷയത്തിൽ വിലക്കും പിഴയും ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകന് നേരിടേണ്ടി വന്നിരുന്നു. അതിനൊക്കെ പുറമേയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടി അദ്ദേഹത്തിന് പിഴ ചുമത്തിയിട്ടുള്ളത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment