ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയും മുംബൈ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പഞ്ചാബ് വിജയിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്ഥിരീകരിക്കപ്പെട്ടിരുന്നു. പഞ്ചാബിനും ബ്ലാസ്റ്റേഴ്സിനും ഒരേ പോയിന്റ് തന്നെയാണ് ഉള്ളത്.പക്ഷേ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
ഇത് പുതിയൊരു നേട്ടമാണ്.ഡ്യൂറൻഡ് കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.ഇതിന് മുൻപ് ഒരിക്കൽപോലും ഡ്യൂറൻഡ് കപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.ആ നേട്ടം സ്വന്തമാക്കാൻ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേക്ക് സാധിച്ചിട്ടുണ്ട്.
ഡ്യൂറന്റ് കപ്പിനെ വളരെ ഗൗരവത്തോടുകൂടി പരിഗണിച്ചു എന്നത് തന്നെയാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത. എതിരാളികളോട് ഒരു ദയാദാക്ഷിണ്യവും ക്ലബ്ബ് കാണിച്ചിട്ടില്ല.എല്ലാ മത്സരത്തെയും സീരിയസായി കൊണ്ട് പരിഗണിച്ചു. എല്ലാ സൂപ്പർ താരങ്ങളെയും കളിക്കളത്തിലേക്ക് ഇറക്കി.അറ്റാക്കിങ് ഫുട്ബോളിന് മുൻഗണന നൽകി. ഇതുകൊണ്ടൊക്കെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനക്കാരായി കൊണ്ട് അടുത്ത റൗണ്ടിൽ എത്തിയിട്ടുള്ളത്.
പക്ഷേ ഇനിയാണ് യഥാർത്ഥ പരീക്ഷണം നേരിടേണ്ടി വരിക. കരുത്തരായ എതിരാളികളെ ഇനിയാണ് നേരിടേണ്ടി വരിക. ആ പരീക്ഷണങ്ങൾ വിജയിക്കാൻ സ്റ്റാറേക്ക് കഴിയുമോ എന്നതാണ് അറിയേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വലിയ വിജയങ്ങൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോഴും എതിരാളികൾ ദുർബലരാണ് എന്ന വസ്തുത അവിടെയുണ്ട്. കരുത്തരായ പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതും ആശങ്കാജനകമാണ്.
അറ്റാകിംഗ് വളരെ മികവ് പുലർത്തുന്നുണ്ടെങ്കിലും ഡിഫൻസിന്റെ കാര്യത്തിലാണ് ആരാധകർക്ക് ആശങ്കയുള്ളത്.അത് പരിഹരിച്ചാൽ മാത്രമാണ് ക്ലബ്ബിന് കിരീടത്തിലേക്ക് എത്താൻ കഴിയുക. ഏതായാലും ക്വാർട്ടർ ഫൈനലിലെ എതിരാളികൾ ആരായാലും വളരെ ഗൗരവത്തോടുകൂടി തന്നെ മത്സരത്തെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കും. വിജയം മാത്രം ലക്ഷ്യമിട്ടു കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് വരിക.