ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ആർക്കെതിരെ? ഫിക്സ്ച്ചർ പുറത്ത് വിട്ട് ഐഎസ്എൽ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉള്ളത്.നിലവിൽ ഡ്യൂറൻഡ് കപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.അത് അവസാനിച്ചാൽ ഉടൻ ഐഎസ്എൽ ആരംഭിക്കും.കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
ഒരു കരുത്തരുടെ പോരാട്ടമാണ് ഉദ്ഘാടന മത്സരത്തിൽ ആരാധകരെ കാത്തിരിക്കുന്നത്. കിരീട ഫേവറേറ്റുകളായ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. പക്ഷേ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിലേക്കാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ എതിരാളികൾ പഞ്ചാബ് എഫ്‍സിയാണ്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഈ മത്സരം അരങ്ങേറുക.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്.പിന്നീട് സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരം കളിക്കും. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ആ മത്സരവും കൊച്ചിയിൽ വെച്ചുകൊണ്ടുതന്നെയാണ് അരങ്ങേറുക. മൂന്നാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലാണ് ഏറ്റുമുട്ടുക. സെപ്റ്റംബർ 29 ആം തീയതി നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനലിൽ തന്നെ ക്ലബ്ബ് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.ക്ലബ്ബിന്റെ പ്രകടനം മോശമായത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഇപ്പോൾ ആരാധകർ വെച്ച് പുലർത്തുന്നില്ല. കൂടുതൽ സൈനിങ്ങുകൾ ഉടനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ട്രെയിനിങ് ഗ്രൗണ്ടിന്റെ നിർമ്മാണം പൂർത്തിയാവാത്തതിനാൽ നിലവിൽ കൊൽക്കത്തയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് തുടരുന്നത്.