കേരള ബ്ലാസ്റ്റേഴ്സ് പ്രൗഢഗംഭീരമായ ഒരു വിജയമാണ് ഇന്നലെ നടന്ന ഡ്യൂറൻഡ് കപ്പിൽ സ്വന്തമാക്കിയിട്ടുള്ളത്. മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരല്ലാത്ത എട്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ സർവ്വ ആധിപത്യവും പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മുംബൈ സിറ്റി ചിത്രത്തിൽ ഇല്ലായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ താരങ്ങളും തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്.നോഹ് സദോയി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി.ഹാട്രിക്കാണ് അദ്ദേഹം നേടിയത്. കൂടാതെ സ്ട്രൈക്കർ ക്വാമെ പെപ്രയും ഹാട്രികോടെ പൊളിച്ചടുക്കുകയായിരുന്നു. ഒരൊറ്റ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഹാട്രിക്കുകൾ പിറന്നു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ പിറക്കുന്നത്.
ഇതിന് മുൻപ് കേവലം 3 താരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക്ക് നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹാട്രിക് നേടിയത് സൂപ്പർ താരം ഇയാൻ ഹ്യുമാണ്.2017/18 സീസണിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക്ക് നേടിയത്. അതിനുശേഷം ഓഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക്ക് സ്വന്തമാക്കിയത്.2019/20 സീസണിലായിരുന്നു അദ്ദേഹം മൂന്ന് ഗോളുകൾ നേടിയത്. അതിനുശേഷം ഒരു ഹാട്രിക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സിൽ പിറന്നു.
2023/24 സീസണിൽ ബിദ്യസാഗർ സിങാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക്ക് നേടിയത്. ആദ്യത്തെ രണ്ട് ഹാട്രിക്കുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ ആയിരുന്നുവെങ്കിൽ ബിദ്യയുടെ ഹാട്രിക്ക് ഡ്യൂറൻഡ് കപ്പിലായിരുന്നു. അതിനുശേഷം ഇന്നലെയാണ് 2 ഹാട്രിക്കുകൾ പിറന്നത്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടുന്ന താരം എന്ന റെക്കോർഡ് നോഹ് ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ കഴിയാത്ത പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ്. കൂടാതെ കഴിഞ്ഞ സീസണിൽ ഒരു ഗോൾ പോലും നേടാൻ കഴിയാത്ത ഇഷാൻ ഇത്തവണ ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ രണ്ട് ഗോളുകൾ നേടിക്കഴിഞ്ഞു. ഇതെല്ലാം തന്നെ ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.