ലെസ്ക്കോ,ലൂണ,മിലോസ്,പെപ്ര,ദിമി എന്നിവരുടെ ഭാവിയൊക്കെ എന്ത്?
കേരള ബ്ലാസ്റ്റേഴ്സ് പതിവ് പോലെ ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.പ്ലേ ഓഫിൽ ഒഡീഷയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഈ സീസണിലും കിരീടം നേടാനാവാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. സീസണിന്റെ തുടക്കത്തിൽ പുറത്തെടുത്ത മികവ് പിന്നീട് നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചതോടെ ആരാധകർക്ക് അറിയേണ്ടത് താരങ്ങളുടെ ഭാവിയെക്കുറിച്ചാണ്. പ്രത്യേകിച്ച് ഒരുപാട് വിദേശ താരങ്ങൾ ഇപ്പോൾ ക്ലബ്ബിന്റെ ഭാഗമാണ്.അവരിൽ പലരും ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഒക്കെ സജീവമാണ്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ ഭാവി എങ്ങനെയാണെന്ന് നമുക്കൊന്നു നോക്കാം.
പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്.അദ്ദേഹത്തെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.അതേസമയം പ്രതിരോധനിരയിലെ മറ്റൊരു വിദേശ സാന്നിധ്യമായ മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തന്നെ തുടരും. ഒരു വർഷം കൂടിയായിരിക്കും അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവുക.
അഡ്രിയാൻ ലൂണ തന്റെ കോൺട്രാക്ട് പുതുക്കിയതായാണ് അറിയാൻ സാധിക്കുന്നത്. അതിനർത്ഥം അടുത്ത വർഷവും ലൂണ ക്ലബ്ബിൽ തന്നെ ഉണ്ടാകും എന്നാണ്.ജോഷുവ സോറ്റിരിയോക്ക് ക്ലബ്ബുമായി ഒരു വർഷത്തെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.അദ്ദേഹവും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.പെപ്രയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അദ്ദേഹത്തിന് ഒരു വർഷത്തെ കോൺട്രാക്ട് ഇവിടെ അവശേഷിക്കുന്നുണ്ട്.തീരുമാനമെടുത്തിട്ടില്ലെങ്കിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനുള്ള സാധ്യതകളുണ്ട്.
ഫെഡോറിന്റെ കാര്യത്തിലും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം ജസ്റ്റിൻ ഇമ്മാനുവൽ ക്ലബ്ബ് വിടും.ഡൈസുകെ സക്കായുടെ കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല. എന്നിരുന്നാലും ചെർനിയും സക്കായിയും ക്ലബ്ബ് വിട്ടാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.ദിമിയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.ഇങ്ങനെയൊക്കെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ വരുന്നത്.