19 മത്സരങ്ങൾ,ആറുപേരെയും ലഭിച്ചത് 7 മത്സരങ്ങൾക്ക് മാത്രം,ലൂണയുടെ കാര്യത്തിൽ ആശങ്ക!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം പരിക്കുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ പലവിധ മാറ്റങ്ങളും ബ്ലാസ്റ്റേഴ്സിന് വരുത്തേണ്ടി വന്നിരുന്നു.സാധാരണ രൂപത്തിൽ ഒരു ക്ലബ്ബിൽ 6 വിദേശ താരങ്ങളാണ് ഉണ്ടാവുക. എന്നാൽ പരിക്കുകൾ കാരണം ബ്ലാസ്റ്റേഴ്സ് ഒരുപാട് വിദേശ താരങ്ങളെ ക്ലബ്ബിന്റെ ഭാഗമാക്കിയിരുന്നു.അഡ്രിയാൻ ലൂണ,ദിമിത്രിയോസ്,മാർക്കോ ലെസ്ക്കോവിച്ച് എന്നിവരായിരുന്നു ക്ലബ്ബിൽ നിലനിർത്തപ്പെട്ടിരുന്ന വിദേശ താരങ്ങൾ.

ജോഷുവ സോറ്റിരിയോയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മറിൽ ആദ്യമായിട്ട് എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. ഈ സീസണിൽ ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു.ഈ സീസൺ തുടങ്ങുന്നതിന്റെ തൊട്ടുമുൻപ് അദ്ദേഹത്തെ ഗോകുലം കേരളയിലേക്ക് ബ്ലാസ്റ്റേഴ്സ് ലോണിൽ അയച്ചു. പക്ഷേ പരിക്കുകൾ അലട്ടിയപ്പോൾ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരികയും ചെയ്തു.

മറ്റു വിദേശ താരങ്ങൾ ഡൈസുകെ സക്കായിയും മിലോസ് ഡ്രിൻസിച്ചുമാണ്.ഈ രണ്ട് താരങ്ങളെയും ഭൂരിഭാഗം സമയത്തും പരിശീലകന് ലഭ്യമായിരുന്നു. അതേ സമയം പെപ്രയെ സ്ഥിരമായി ഉപയോഗപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പക്ഷേ പരിക്ക് കാരണം അദ്ദേഹം സീസണിൽ നിന്നും പുറത്തായി.അഡ്രിയാൻ ലൂണയും പുറത്തായതോടുകൂടി മറ്റൊരു വിദേശ താരത്തെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായി. അങ്ങനെയാണ് ചെർനിച്ച് വരുന്നത്. ചുരുക്കത്തിൽ ഈ സീസണൽ ആകെ 9 വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു.

സ്‌ക്വാഡിൽ 6 വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്തുക.കേരള ബ്ലാസ്റ്റേഴ്സ് 19 മത്സരങ്ങളാണ് ഈ സീസണിൽ കളിച്ചത്. അതിൽ 6 വിദേശ താരങ്ങളെയും ലഭിച്ചത് കേവലം ഏഴു മത്സരങ്ങൾക്ക് മാത്രമാണ്. ബാക്കി വരുന്ന മത്സരങ്ങളിൽ എല്ലാം തന്നെ പരിക്കുകൾ കാരണം പലരും പുറത്തായിരുന്നു.ഏറ്റവും ഒടുവിൽ പുറത്തായത് ജസ്റ്റിൻ ഇമ്മാനുവലാണ്. അദ്ദേഹം പരിക്കു കാരണം ഇനി ഈ സീസണിൽ കളിക്കില്ല.

നായകൻ അഡ്രിയാൻ ലൂണ ഇപ്പോൾ ട്രെയിനിങ് നടത്തുന്നുണ്ട്.പക്ഷേ താരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ ഇപ്പോഴും നീങ്ങിയിട്ടില്ല. അദ്ദേഹം പ്ലേ ഓഫിൽ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല.ഇത് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.അദ്ദേഹത്തെ പ്ലേഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Adrian LunaDimitriosIvan VukomanovicKerala Blasters
Comments (0)
Add Comment