കണ്ടെത്തുന്നു,കൊണ്ടുവരുന്നു,കൈമാറുന്നു! പഴയ കഥ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മികച്ച താരത്തെ കൂടി കൈവിട്ടു കളഞ്ഞു.ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്തിയ ദിമി ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് താൻ ബ്ലാസ്റ്റേഴ്സ് വിടുകയാണ് എന്നുള്ള കാര്യം ദിമി തന്നെ സ്ഥിരീകരിച്ചിരുന്നു.
ആദ്യ സീസണിൽ പത്തു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം ഈ സീസണിൽ 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ദിമി. താൻ ഉദ്ദേശിച്ചത് പോലെയുള്ള ഒരു കോൺട്രാക്ട് ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് അദ്ദേഹം പോകുന്നത് എന്നത് തീർച്ചയായും തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.
എന്തെന്നാൽ അടുത്ത സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകാൻ പോകുന്ന താരം കൂടിയാണ് ദിമി. എന്നാൽ ഇത് ബ്ലാസ്റ്റേഴ്സിന് പുത്തൻ അനുഭവമൊന്നുമല്ല.മുൻപും ഇത്തരത്തിലുള്ള പ്രവർത്തികൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. മികച്ച താരങ്ങളെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് മിടുക്കനാണ്, പക്ഷേ ആ മിടുക്ക് താരങ്ങളെ നിലനിർത്തുന്നതിൽ കാണിക്കാറില്ല.
അതിന് അപവാദമായി കൊണ്ട് തുടരുന്നത് അഡ്രിയാൻ ലൂണ മാത്രമാണ്. പക്ഷേ മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടും ലൂണ ക്ലബ്ബിനകത്ത് തുടരുന്നത് ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൊണ്ടാണ്. മുൻപ് കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ രണ്ട് സൂപ്പർ താരങ്ങളാണ് ജോർഹെ പെരേര ഡയസും ആൽവരോ വാസ്ക്കസും. എന്നാൽ രണ്ടുപേരും ഒരൊറ്റ സീസൺ മാത്രം കളിച്ചുകൊണ്ട് ക്ലബ്ബിനോട് വിട പറഞ്ഞു.അവരെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.
അതിൽ ഡയസൊക്കെ ഐഎസ്എല്ലിൽ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തന്നെയായിരിക്കും ദിമിയുടെ കാര്യത്തിലും സംഭവിക്കുക. മികച്ച താരങ്ങളെ കണ്ടെത്തുന്ന ബ്ലാസ്റ്റേഴ്സിന് അവരെ നിലനിർത്താൻ കഴിയാത്തതിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്.