ഫോം പോയിന്റ് പട്ടിക, കേരള ബ്ലാസ്റ്റേഴ്സ് 11ആം സ്ഥാനത്ത്, തിരിച്ചുവരവ് അത്യാവശ്യം.
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു കഠിനമായ സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. കലിംഗ സൂപ്പർ കപ്പിൽ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് മത്സരങ്ങളിലുമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പരാജയപ്പെട്ടിട്ടുള്ളത്.ഇത് വളരെയധികം തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ്.
ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്.ഒന്നാം സ്ഥാനത്ത് ഒഡീഷയാണ് വരുന്നത്.രണ്ടാം സ്ഥാനത്ത് മോഹൻ ബഗാനും മൂന്നാം സ്ഥാനത്ത് ഗോവയും നാലാം സ്ഥാനത്ത് മുംബൈ സിറ്റിയും വരുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. എന്നാൽ ഐഎസ്എൽ പുനരാരംഭിച്ചതിനുശേഷം ഉള്ള ഫോം പോയിന്റ് പട്ടിക ഇപ്പോൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവസാനത്തെ 3 മത്സരങ്ങളിലെ ഫലങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു പട്ടികയാണ് അവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് പതിനൊന്നാം സ്ഥാനത്താണ്.കാരണം മറ്റൊന്നുമല്ല, അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ ഒരേയൊരു ക്ലബ്ബ് മാത്രമാണ് ഉള്ളത്,അത് ഹൈദരാബാദ് എഫ്സിയാണ്.അവരും അവസാനത്തെ 3 മത്സരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്.
ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്നത് ഹബാസിന്റെ മോഹൻ ബഗാനാണ്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് ജംഷഡ്പൂർ വരുന്നു. രണ്ട് വിജയങ്ങളും ഒരു സമനിലയുമാണ് അവർ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്താണ് ഒഡീഷ വരുന്നത്. രണ്ട് വിജയങ്ങളും ഒരു സമനിലയും ആണ് ഇവർ നേടിയിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട രണ്ടു ക്ലബ്ബുകൾ മാത്രമാണുള്ളത്. അത് ബ്ലാസ്റ്റേഴ്സും ഹൈദരാബാദുമാണ്.
ഈ ദുരവസ്ഥയിൽ നിന്നും എത്രയും പെട്ടെന്ന് ക്ലബ്ബ് കര കയറേണ്ടതുണ്ട്.അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗോവയാണ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എന്തുകൊണ്ടും വിജയം നേടണം. അല്ല എന്നുണ്ടെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ പോലും അവതാളത്തിലാകും.