2021/22 സീസണിലേക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് ഇവാൻ വുക്മനോവിച്ച് വന്നത്. പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട ആശാനായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചു. ആദ്യ സീസണിൽ ഇദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ എത്രത്തോളം ഉയർന്നില്ലെങ്കിലും വിവാദ ഗോളിലാണ് ബ്ലാസ്റ്റേഴ്സിന് ലീഗിൽ നിന്നും പുറത്താവേണ്ടി വന്നത്.
ഏതായാലും കഴിഞ്ഞ മൂന്ന് സീസണുകളെയും താരതമ്യം ചെയ്ത് നോക്കുമ്പോൾ മികച്ച ഒരു തുടക്കം തന്നെയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.ഇവാൻ വുക്മനോവിച്ചിന് ലഭിച്ച ഏറ്റവും മികച്ച തുടക്കം ഈ സീസണിലേത് തന്നെയാണ്. പക്ഷേ അദ്ദേഹം വിലക്ക് മൂലം പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടായിരുന്നില്ല. ആ കണക്കുകൾ നമുക്കൊന്ന് നോക്കാം.
2021/22 സീസണിൽ ലീഗിലെ ആദ്യത്തെ 10 മത്സരങ്ങൾ പിന്നിടുമ്പോൾ നാല് വിജയങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. 5 സമനില വഴങ്ങിയപ്പോൾ ഒരു തോൽവി മാത്രം രുചിച്ചു. 15 ഗോളുകൾ നേടിയപ്പോൾ 10 ഗോളുകൾ വഴങ്ങി.17 പോയിന്റുകളാണ് ആദ്യത്തെ 10 മത്സരങ്ങളിൽ നിന്നും സമ്പാദിച്ചത്.
2022/23 സീസണിലെ ആദ്യത്തെ 10 മത്സരങ്ങൾ പിന്നിടുമ്പോൾ 6 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഒരു സമനിലയും മൂന്ന് തോൽവികളും വഴങ്ങേണ്ടി വന്നു. 18 ഗോളുകൾ നേടിയപ്പോൾ 14 ഗോളുകൾ വഴങ്ങി.19 പോയിന്റുകളാണ് ഈ 10 മത്സരങ്ങളിൽ നിന്നും കളക്ട് ചെയ്തത്.
ഈ സീസണിൽ 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ 6 വിജയങ്ങൾ നേടി. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങി. 14 ഗോളുകൾ നേടിയപ്പോൾ 10 ഗോളുകൾ വഴങ്ങി.20 പോയിന്റുകൾ കളക്ട് ചെയ്തു. നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഒരു മികച്ച തുടക്കം തന്നെ ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ ഇത് തുടർന്ന് കൊണ്ടുപോവുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. പ്രത്യേകിച്ച് ഒരുപാട് കടുത്ത മത്സരങ്ങൾ വരാനിരിക്കുന്നു. അതിനെയൊക്കെ അതിജീവിക്കുക എന്ന വെല്ലുവിളിയാണ് വുക്മനോവിച്ചിന്റെ മുന്നിലുള്ളത്.