ഇത് അട്ടിമറികളുടെ ISL,ബ്ലാസ്റ്റേഴ്സ് ആരാധകർ എന്തിനാണ് പ്രതീക്ഷ കൈവിടുന്നത്, ഇപ്പോഴും സാധ്യതകൾ അവശേഷിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. പക്ഷേ അപ്പോഴത്തെ പോയിന്റ് തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്തെന്നാൽ അതിനുശേഷം ഒരു മത്സരം പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
കലിംഗ സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിൽ പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചു എന്ന് തന്നെ പറയേണ്ടിവരും. കാരണം സ്വന്തം മൈതാനത്ത് 3 ഗോളുകൾ വഴങ്ങി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടത്. ഇത്തരത്തിലുള്ള അട്ടിമറികൾ ഒരുപാട് ഈ ഐഎസ്എല്ലിൽ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവയെ തോൽപ്പിച്ചിരുന്നു.
ഗോവ അവസാനമായി കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം ഖാലിദ് ജമീൽ വന്നതോടുകൂടി ജംഷഡ്പൂരിന്റെ സമയം തെളിഞ്ഞിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ നടത്തി വിജയങ്ങൾ നേടി അവർ മുന്നോട്ട് വരുന്നു.ചുരുക്കത്തിൽ ഈ ഐഎസ്എല്ലിൽ എന്തും സംഭവിക്കാം.അതുകൊണ്ടുതന്നെ ഷീൽഡ് മോഹങ്ങൾ ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് ഉപേക്ഷിക്കുന്നതിൽ അർത്ഥമില്ല.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷ പൂർണമായും കൈവിടാൻ ആയിട്ടില്ല.
പറയാൻ കാരണം ഒന്നാം സ്ഥാനത്തുള്ള ഒഡീഷയും അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും തമ്മിൽ വലിയ അന്തരം ഒന്നുമില്ല. 5 പോയിന്റിന്റെ വ്യത്യാസമാണ് ഇരു ടീമുകളും തമ്മിലുള്ളത്. അതായത് ഒന്ന് മനസ്സുവെച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് തന്നെ തിരിച്ചെത്താം.പക്ഷേ വരാനിരിക്കുന്ന മത്സരങ്ങൾ വിജയിക്കണമെന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിരിച്ചടിയിൽ നിന്നും കരകയറി വരുന്ന മത്സരങ്ങളിൽ എല്ലാം തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കണം.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക. ഗോവ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഒരിക്കലും അവരെ എഴുതി തള്ളാൻ കഴിയില്ല.അതുകൊണ്ടുതന്നെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഒരു തീപാറും പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം. ഗോവയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്ന് വിലപ്പെട്ട പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ ഉള്ളത്.