ആശങ്ക വേണ്ട, ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ക്ലബ്ബ് വിടില്ലെന്ന് മാർക്കസ് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി ട്രാൻസ്ഫർ റൂമറുകൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരങ്ങളെ കുറിച്ചും ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങളെ കുറിച്ചും കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തന്നെ തുടരുന്ന താരങ്ങളെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സുപ്രധാന താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും എന്ന് തന്നെയാണ് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടും എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. താരത്തെ അലട്ടുന്ന പരിക്കിന്റെ പ്രശ്നങ്ങൾ തന്നെയാണ് ഈ ഒരു തീരുമാനത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സിനെ എത്തിച്ചിട്ടുള്ളത്. അതേസമയം ജീക്സൺ സിംഗുമായി ബന്ധപ്പെട്ട റൂമറുകളും സജീവമാണ്. മികച്ച ഓഫർ ലഭിച്ചു കഴിഞ്ഞാൽ ജീക്സൺ സിംഗ് ക്ലബ്ബ് വിടാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാൻ ആവില്ല.
എന്നാൽ പ്രതിരോധനിരയിലെ ഇന്ത്യൻ സാന്നിധ്യമായ ഹോർമിപാം റൂയ്വയുടെ കാര്യത്തിലും ഒരുപാട് റൂമറുകൾ നിലനിന്നിരുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു.മുംബൈ സിറ്റി,ബംഗളൂരു എഫ്ബി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരമാണ് ഹോർമി.അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടുമോ എന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു.
ആ ആശങ്കക്ക് ഇപ്പോൾ വിരാമമായിട്ടുണ്ട്.ഹോർമി കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് എങ്ങോട്ടുമില്ല. ഇക്കാര്യം ജേണലിസ്റ്റ് ആയ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ അദ്ദേഹത്തെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സുപ്രധാന താരമായി കൊണ്ട് തന്നെയാണ് ഇപ്പോഴും ഹോർമിയെ പരിഗണിക്കുന്നത്.ഇതോടുകൂടി ആ വാർത്തകൾക്ക് വിരാമമാവുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഡിഫൻഡർ ആയ ഡ്രിൻസിച്ചും ക്ലബ്ബിനോടൊപ്പം തന്നെ തുടരും.അദ്ദേഹത്തെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദേശിക്കുന്നില്ല. എന്നാൽ ലെസ്ക്കോ പോകുന്നതുകൊണ്ടുതന്നെ ഒരു വിദേശ സെന്റർ ബാക്കിനെ ക്ലബ്ബ് കൊണ്ടുവന്നേക്കും. നിലവിൽ ഹോർമിക്ക് ക്ലബ്ബിനകത്ത് അവസരങ്ങൾ കുറവാണ്.അത് പരിഹരിക്കപ്പെടും എന്ന് തന്നെയാണ് താരം പ്രതീക്ഷിക്കുന്നത്.