കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണും നിരാശാജനകമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഒരുപാട് വലിയ പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ അതെല്ലാം തല്ലി തകർക്കുകയായിരുന്നു. വളരെ പരിതാപകരമായ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാംഘട്ടത്തിൽ നടത്തിയിരുന്നത്. ഒഡീഷയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വലിയ ഒരു മാറ്റത്തിന് ഒരുങ്ങി നിൽക്കുകയാണ്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. പുതിയ പരിശീലകനെ നിയമിച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ഭാവി പദ്ധതികളുമായി മുന്നോട്ടു പോകും.പല താരങ്ങൾക്കും ക്ലബ്ബിലെ സ്ഥാനം നഷ്ടമായേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അതേസമയം പലരും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റു ക്ലബ്ബുകളിലേക്ക് ചേർക്കാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
2025ൽ കോൺട്രാക്ട് അവശേഷിക്കുന്ന ഒരുപിടി ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.ചിലർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. അതായത് അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കരാർ പൂർത്തിയാക്കിക്കൊണ്ട് ഫ്രീയായി ക്ലബ്ബ് വിടാനുള്ള പദ്ധതികൾ പല ഇന്ത്യൻ താരങ്ങൾക്കുമുണ്ട്.പക്ഷേ ഇത് അനുവദിക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല. കോൺട്രാക്ട് പുതുക്കാൻ തയ്യാറല്ലാത്ത താരങ്ങൾ ഇപ്പോൾ തന്നെ വിറ്റുകൊണ്ട് പണം വാരാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇഷാൻ പണ്ഡിത,ജീക്സൺ സിങ്, രാഹുൽ കെപി, സൗരവ് മണ്ഡൽ,സന്ദീപ് സിങ് എന്നിവരുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2025ലാണ് അവസാനിക്കുക.ഇവരിൽ ചിലർ കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത്തരം താരങ്ങളെ ഇപ്പോൾ തന്നെ ഏതെങ്കിലും ക്ലബ്ബുകൾക്ക് കൈമാറാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. അതായത് മുകളിൽ പറഞ്ഞ താരങ്ങളിൽ ചിലർ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പുതിയ ഒരു പരിശീലകനെ എത്രയും പെട്ടെന്ന് നിയമിക്കാനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. എന്നാൽ ഏത് പരിശീലകന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നത് തികച്ചും രഹസ്യമാണ്.യാതൊരുവിധ സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. മികച്ച ഒരു പരിശീലകനെ തന്നെ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.