കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ പരാജയം രുചിച്ചിരുന്നു. കലിംഗ സൂപ്പർ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഇതോടുകൂടി കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി.
ജംഷെഡ്പൂർ എഫ്സി സെമിഫൈനലിൽ പ്രവേശിക്കുകയായിരുന്നു. മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. പ്രത്യേകിച്ച് ഡിഫൻസ് തീർത്തും മോശമായിരുന്നു എന്ന് പറയാതെ വയ്യ.ചീമ നേടിയ ഗോളുകളൊക്കെ ഡിഫൻസിന്റെ അശ്രദ്ധയിൽ നിന്നും പിറന്നതാണ്. 2 പെനാൽറ്റി ഗോളുകൾ നേടി കൊണ്ടാണ് ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർ കാർഡിൽ രണ്ട് ഗോളുകൾ കൂട്ടിച്ചേർത്തത്.
സൂപ്പർ കപ്പിൽ നിന്നും പുറത്തായതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ച തുടരുകയാണ്. 10 വർഷമായിട്ടും ഒരു കിരീടം പോലും ക്യാബിനറ്റിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് പറഞ്ഞതുകൂടി ചേർത്ത് വായിക്കണം. സൗഹൃദ മത്സരങ്ങൾ എന്നാണ് അദ്ദേഹം സൂപ്പർ കപ്പിനെ വിശേഷിപ്പിച്ചത്. അതായത് സൂപ്പർ കപ്പിന് വേണ്ടത്ര പ്രാധാന്യം കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നില്ല എന്നത് ഈ പരാമർശത്തിൽ നിന്നും വളരെ വ്യക്തമാണ്.
കിരീടം ലക്ഷ്യം വച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടില്ല. മറിച്ച് ഫ്രണ്ട്‌ലി മത്സരമായി കൊണ്ടാണ് ഇതിനെ കണ്ടിട്ടുള്ളത്. ഇത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.ഇനി ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ചെയ്യാനുള്ളത്.ഒന്നുകിൽ ഷീൽഡ് നേടണം,അല്ലെങ്കിൽ കപ്പ് നേടണം,രണ്ടിലൊന്ന് നിർബന്ധമാണ്.ഇനിയും കിരീടത്തിനായി കാത്തിരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സാധിക്കില്ല.
അതുകൊണ്ടുതന്നെ സൂപ്പർ കപ്പിൽ നിന്നും പുറത്തായതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിലും പരിശീലകൻ വുക്മനോവിച്ചിലും സമ്മർദ്ദം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏതെങ്കിലും ഒരു കിരീടം നേടൽ അനിവാര്യമായ സാഹചര്യമാണ്. ഈ സമ്മർദ്ദത്തെ തരണം ചെയ്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഏതെങ്കിലും ഒരു കിരീടം ഉയർത്തേണ്ടത് ഉണ്ട്.