ടീം കൂടുതൽ മികച്ചതാക്കണം, മോഹൻ ബഗാനിൽ നിന്നും ഇന്ത്യൻ പ്രതിഭയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഒരിക്കൽ കൂടി സജീവമായിട്ടുണ്ട്. ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി കൊണ്ട് പുറത്തുവന്നിരിക്കുന്നത് ഗോവൻ താരമായ നോഹയുമായി ബന്ധപ്പെട്ട റൂമറാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ക്ലബ്ബിന് താല്പര്യമുണ്ട് എന്നുള്ളതു മാത്രമല്ല ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അടുത്ത സീസണിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. ഇതിനൊക്കെ പുറമേ മറ്റൊരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് മോഹൻ ബഗാനിൽ നിന്നും ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. മോഹൻ ബഗാനുമായി ബന്ധപ്പെട്ട കൊൽക്കത്ത മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യുവ പ്രതിഭയായ ലാൽറിൻലിയാന നംതേക്ക് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് താരത്തിന് ഓഫർ നൽകിയിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ആ ഓഫറിൽ അദ്ദേഹം ആകൃഷ്ടനായിട്ടുമുണ്ട്.MBFT എന്ന ഒരു മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ മോഹൻ ബഗാനുമായി 2024 മെയ് മാസം വരെയുള്ള ഒരു കോൺട്രാക്ട് മാത്രമാണ് നംതേക്ക് അവശേഷിക്കുന്നത്.കരാർ പൂർത്തിയാക്കി ക്ലബ്ബ് വിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
2021ൽ ഈ താരം ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു.പിന്നീട് മോഹൻ ബഗാൻ സ്വന്തമാക്കുകയായിരുന്നു.സെൻട്രൽ മിഡ്‌ഫീൽഡർ പൊസിഷനിലാണ് താരം പ്രധാനമായും കളിക്കുന്നത്.പക്ഷേ മോഹൻ ബഗാൻ പരിശീലകൻ ഇദ്ദേഹത്തെ റൈറ്റ് ബാക്ക് പൊസിഷനിൽ ഉപയോഗപ്പെടുത്തിയിരുന്നു. താരത്തിന് ഒരുപാട് അവസരങ്ങൾ ഒന്നും ക്ലബ്ബിൽ ലഭിക്കുന്നില്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം.
നേരത്തെ ചെന്നൈയിൻ എഫ്സിയുമായി താരം കരാറിൽ എത്തി എന്ന വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ നിലവിൽ കേരള ബ്ലാസ്റ്റേഴ്സുമായാണ് നംതേ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈയിൻ എഫ്സിയെ പുറകിലാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സ്വന്തമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല പൊസിഷനുകളിലും ഉപയോഗപ്പെടുത്താം എന്നുള്ളത് ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യമാണ്.