കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ എടുത്ത് പ്രശംസിക്കേണ്ട ഒരു സമയമാണിത്. കഴിഞ്ഞ മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ അതിനു തെളിവുകൾ കാണാൻ നമുക്ക് കഴിയും. അവസാനത്തെ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ആ മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റുകൾ നേടിയിട്ടുമുണ്ട്. പ്രതിരോധവും ഗോൾകീപ്പറും പാറ പോലെ ഉറച്ചു നിൽക്കുകയാണ് ഇപ്പോൾ.
സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന വിദേശ സാന്നിധ്യങ്ങളായ മാർക്കോ ലെസ്ക്കോവിച്ചും മിലോസ് ഡ്രിൻസിച്ചും തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കരുത്തുകൾ. രണ്ടുപേരും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്.മാർക്കോ ലെസ്ക്കോവിച്ചിന് പരിക്കുകൾ മൂലം ചില മത്സരങ്ങൾ നഷ്ടമായിരുന്നു. അതേസമയം വിലക്ക് മൂലം ചില മത്സരങ്ങൾ ഡ്രിൻസിച്ചിന് നഷ്ടമായിരുന്നു. ഈ സന്ദർഭങ്ങളിൽ ഒക്കെ തന്നെയും ഇന്ത്യൻ സൂപ്പർ താരങ്ങളായ പ്രീതം കോട്ടാലും ഹോർമിപാമും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാത്തുസൂക്ഷിക്കുകയായിരുന്നു.
സാധാരണ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് പ്രീതം കോട്ടാൽ.എന്നാൽ മിലോസും ലെസ്ക്കോയും തിളങ്ങുന്നതുകൊണ്ട് പരിശീലകൻ അദ്ദേഹത്തെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മാറ്റിയിട്ടുണ്ട്. അതായത് പ്രഭീർ ദാസ് ഇപ്പോൾ പുറത്താണ് ഇരിക്കാറുള്ളത്. പക്ഷേ ഇവിടെ തീരെ അവസരങ്ങൾ ലഭിക്കാത്ത താരം ഹോർമിപാമാണ്.ഈ സീസണിൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ഈ ജനുവരിയിൽ അദ്ദേഹത്തെ ക്ലബ്ബിന് നഷ്ടമാവാൻ സാധ്യതകൾ ഏറെയാണ്.
കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിരുന്നില്ല. പക്ഷേ ഹോർമിയെ സ്വന്തമാക്കാൻ നിരവധി വമ്പൻ ക്ലബ്ബുകൾ ഇപ്പോൾ മുന്നോട്ടുവന്നു കഴിഞ്ഞു.നേരത്തെ തന്നെ ബംഗളൂരു എഫ്സി താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മുംബൈ സിറ്റി കൂടി ഹോർമിക്ക് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലെത്തന്നെ ഒരു മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹോർമി ബ്ലാസ്റ്റേഴ്സിനോട് വിടപറയാനും സാധ്യതകളുണ്ട്.കാരണം അവസരങ്ങൾ ലഭിക്കാത്തതു തന്നെയാണ്.ബ്ലാസ്റ്റേഴ്സ് എന്ത് നിലപാട് സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.ഹോർമിയെ പോലെ ഒരു താരം ബാക്കപ്പ് ഓപ്ഷനായി ഉള്ളത് ടീമിനെ ഗുണകരമാകുന്ന ഒരു കാര്യം തന്നെയാണ്.പരിക്കുകളും വിലക്കുകളും വരുന്ന സമയത്താണ് ഇത് കൂടുതൽ ഉപകാരപ്രദമാവുക. അതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഉചിതമായ ഒരു തീരുമാനം എടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.