കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ അടുത്ത സീസണിലേക്ക് നടത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടി എന്നോണമാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കിയിരിക്കുന്നത്. പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.എന്നാൽ ക്ലബ്ബ് ഒഴിവാക്കിയതിനോട് ഇതുവരെ വുക്മനോവിച്ച് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.
ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുന്ന മറ്റൊരു താരമാണ് മാർക്കോ ലെസ്ക്കോവിച്ച്. കഴിഞ്ഞ മൂന്നുവർഷമായി അദ്ദേഹം ക്ലബ്ബിനോടൊപ്പമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം ക്ലബ് വിടുക. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ലെസ്ക്കോക്ക് ഈ സീസൺ അത്ര നല്ലതായിരുന്നില്ല.
അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുണ്ട്.ഒന്ന് രണ്ട് പേരുകൾ നേരത്തെ ഉയർന്നുകേട്ടിരുന്നു.ഇപ്പോൾ മറ്റൊരു റൂമർ കൂടി പുറത്തുവന്നിട്ടുണ്ട്.മെൽബൺ സിറ്റിയുടെ പ്രതിരോധ നിര താരമായ കുർട്ടിസ് ഗുഡിനായി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.
31 കാരനായ ഇദ്ദേഹം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2018 മുതലാണ് മെൽബൺ സിറ്റിയുടെ താരമായത്.ഇപ്പോൾ അവരുമായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. പുതിയ ക്ലബ്ബിനെ അന്വേഷിക്കുകയാണ് ഇദ്ദേഹം. മുമ്പ് പ്രീമിയർ ലീഗ് ക്ലബ് ആയ ന്യൂകാസിൽ യുണൈറ്റഡിന്റെ ഭാഗമായിരുന്നുവെങ്കിലും അവർക്ക് വേണ്ടി കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നില്ല.എന്നാൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് പല ക്ലബ്ബുകളും ഇപ്പോൾ രംഗത്തുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് പുറമേ മറ്റു രണ്ട് ഐഎസ്എൽ ക്ലബ്ബുകളും ഇദ്ദേഹത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ തായ്‌ലാൻഡിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട്.താരം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഈ ക്ലബ്ബുകളുടെയൊക്കെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് വേണം ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കാൻ.