കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിച്ചില്ല,അടുത്ത സീസണിൽ ഉണ്ടാവില്ലേ?
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അവസാനിച്ച സീസണും നിരാശാജനകമായിരുന്നു.ഐഎസ്എൽ പ്ലേ ഓഫിൽ പുറത്താവുകയാണ് ചെയ്തത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിൽ മോശം പ്രകടനത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ടൂർണമെന്റുകളിൽ പങ്കെടുത്തുവെങ്കിലും കിരീടവരൾച്ചക്ക് വിരാമം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല.
അടുത്ത സീസണിൽ കൂടുതൽ മികച്ച ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പടുത്തുയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.എന്നാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുള്ളത്. അടുത്ത സീസണിലേക്കുള്ള AFCയുടെ ലൈസൻസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് അപേക്ഷിച്ചിരുന്നു.എന്നാൽ ആ അപേക്ഷ ഇപ്പോൾ തള്ളിയിട്ടുണ്ട്. അടുത്ത സീസണിലേക്കുള്ള ലൈസൻസ് സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
ഇത് ആരാധകർക്ക് വളരെയധികം ആശങ്ക നൽകുന്ന കാര്യമാണ്.ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ അടുത്ത സീസണിൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ മാർക്കസ് മെർഗുലാവോ ആശ്വാസകരമായ ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്.ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇളവുകൾക്ക് വേണ്ടി അപേക്ഷിക്കാം.അപ്പോൾ ലൈസൻസ് ലഭിക്കുമെന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.
ലൈസൻസ് ലഭിക്കാൻ 3 തരത്തിലുള്ള ക്രൈറ്റീരിയകളാണ് AFC ക്ക് ഉള്ളത്.A,B,C എന്നിവയാണ് അത്.ഇതിൽ A വിഭാഗത്തിൽ വരുന്ന നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.അത് തെറ്റിച്ചത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിക്കാതെ പോയത്.Bയും നിർബന്ധമായതാണ്, പക്ഷേ അത് തെറ്റിച്ചാലും ഇളവുകളോടുകൂടി ലൈസൻസ് നൽകപ്പെടും,സി വിഭാഗത്തിലാണ് ഏറ്റവും മികച്ചത് വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പെർഫെക്റ്റ് ആയിക്കൊണ്ട് ലൈസൻസ് സ്വന്തമാക്കിയ ഏക ക്ലബ്ബ് പഞ്ചാബ് എഫ്സിയാണ്.
അതേസമയം ഇളവുകളോടുകൂടി ലൈസൻസ് ലഭിച്ച ക്ലബ്ബുകൾ മോഹൻ ബഗാൻ,മുംബൈ സിറ്റി,ഗോവ, ബംഗളൂരു,ചെന്നൈ,നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ എന്നിവയൊക്കെയാണ്.അതേസമയം കേരള ബ്ലാസ്റ്റേഴ്സ്, ജംഷെഡ്പൂർ, ഒഡീഷ,ഹൈദരാബാദ് എന്നിവർക്ക് ലൈസൻസ് ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഇത് പരിഹരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ഈ ക്ലബ്ബുകളെ നമുക്ക് കാണാൻ കഴിയില്ല. ലൈസൻസ് ലഭിക്കാത്തതിൽ വലിയ രോഷമാണ് ആരാധകർ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ നടത്തുന്നത്.