ദിമിയുടെ പകരക്കാരൻ 22 വയസ്സുള്ള താരമോ,എസ്‌റ്റോണിയൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ നഷ്ടം സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയായിരുന്നു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം ചേക്കേറുന്നത്.
ആദ്യ സീസണിൽ 10 ഗോളുകളും രണ്ടാമത്തെ സീസണിൽ 13 ഗോളുകളും ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയ താരമാണ് ദിമി. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ദിമി തന്നെയാണ്.അത്തരത്തിലുള്ള ഒരു താരത്തെയാണ് ഇപ്പോൾ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ പകരമായി ഒരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.അതുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരികയും ചെയ്തിട്ടുണ്ട്.
കേവലം 22 വയസ്സ് മാത്രമുള്ള യുവ സൂപ്പർ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നുണ്ട് എന്നാണ് റൂമറുകൾ.യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ നിന്നുള്ള താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.അലക്സ് ടാം എന്ന താരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
Nõmme Kalju FC എന്ന എസ്റ്റോണിയൻ ക്ലബ്ബിലൂടെ വളർന്ന താരമാണ് ഇദ്ദേഹം. ഇപ്പോഴും അവരുടെ താരം തന്നെയാണ് അലക്സ്.എന്നാൽ ഇടക്ക് 2019-2020 സീസണിൽ ഗ്രാസ്ഹോപ്പർ ക്ലബ് സൂറിച്ചിന് വേണ്ടി ഇദ്ദേഹം ലോണിൽ കളിച്ചിട്ടുണ്ട്.എസ്‌റ്റോണിയ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിക്കാനും അലക്സിന് സാധിച്ചിട്ടുണ്ട്.സെന്റർ ഫോർവേഡ് പൊസിഷനിൽ ഉള്ള ഈ താരം മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.
12 ലീഗ് മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും ഒരു അസിസ്റ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിൽ നാലോളം കിരീടങ്ങൾ ഇദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.2021/22 സീസണിൽ 15 ഗോളുകൾ നേടിക്കൊണ്ട് തന്റെ കരുത്ത് തെളിയിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.താരത്തെ ലഭിക്കുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മുതൽക്കൂട്ടായ കാര്യമായിരിക്കും.