അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പരിശീലകനെ ആവശ്യമാണ്. എന്തെന്നാൽ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല. ക്ലബ്ബും അദ്ദേഹവും വഴി പിരിയാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോൾ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറയുന്നത്.
മികച്ച ഒരു പകരക്കാരനെ തന്നെ എത്തിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നു.ഐഎസ്എല്ലിൽ നിന്നുള്ള ഒരു പരിശീലകനെ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുള്ളത്. മികച്ച ഒരു പരിശീലകനെ കൊണ്ടുവരൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അത്യാവശ്യമാണ്.എന്തെന്നാൽ മികച്ച ഒരു പരിശീലകനെയാണ് കൈവിട്ടിട്ടുള്ളത്.ഇവാൻ വുക്മനോവിച്ചിനേക്കാൾ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പരിശീലകനെ എത്തിച്ചിട്ടില്ലെങ്കിൽ തീർച്ചയായും ഇവാനെ കൈവിട്ടതിൽ ക്ലബ്ബിനെ ആരാധകരിൽ നിന്നും പഴി കേൾക്കേണ്ടിവരും.
ഐഎസ്എൽ സെമിഫൈനലിസ്റ്റ് ആയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത നേരത്തെ ഉണ്ടായിരുന്നു.ആ പരിശീലകൻ ഗോവൻ പരിശീലകനായ മനോളോ മാർക്കസാണ് എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. അദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഈ സീസണിന് ശേഷം അദ്ദേഹത്തിന് ഗോവ വിടാനാണ് താല്പര്യമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിൽ സെമി ഫൈനലിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഗോവയുടെ ഈ സീസൺ അവസാനിച്ചതിനുശേഷമായിരിക്കും ഒരു അന്തിമ തീരുമാനം ഉണ്ടാവുക.മനോളോ മാർക്കസിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായക്കാരും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഉണ്ട്. അദ്ദേഹത്തിന്റെ കളിശൈലി ഇഷ്ടപ്പെടാത്തവരും അദ്ദേഹത്തെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവരും സജീവമാണ്. ഏതായാലും പുതിയ പരിശീലകന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ഇന്നലെ മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്.