കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് നിരവധി വാർത്തകളും റൂമറുകളും വിലയിരുത്തലുകളും വരുന്ന ഒരു സമയമാണിത്. അതിന്റെ കാരണം ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകന്റെ പടിയിറക്കം തന്നെയാണ്.വുക്മനോവിച്ച് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിടവാങ്ങും എന്നത് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഒരു കോളിളക്കം ബ്ലാസ്റ്റേഴ്സിനകത്ത് സംഭവിച്ചാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല. വലിയ അഴിച്ചു പണികൾ നടക്കാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് ബ്ലാസ്റ്റേഴ്സിലെ മികച്ച താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പല ക്ലബ്ബുകളും നേരത്തെ ആരംഭിച്ചതാണ്.അഡ്രിയാൻ ലൂണക്കും ദിമിക്കുമൊക്കെ പല ക്ലബ്ബുകളിൽ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.
ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മോഹൻ ബഗാൻ ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിങ്ങിനെ സ്വന്തമാക്കാൻ അവർക്ക് താല്പര്യം ഉണ്ട്. മാത്രമല്ല അവർ വമ്പൻ ഓഫർ താരത്തിന് നൽകുകയും ചെയ്തിട്ടുണ്ട്.മോഹൻ ബഗാനുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വലിയൊരു തുക അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.2.2 കോടി രൂപയാണ് ജീക്സൺ സിങ്ങിന് വേണ്ടി അവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.ജീക്സണും നല്ലൊരു ഓഫർ തന്നെയാണ് അവർ നൽകിയിട്ടുള്ളത്.3 വർഷത്തെ കോൺട്രാക്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷൻ അതിൽ ഉണ്ടാകും. ചുരുക്കത്തിൽ അഞ്ച് വർഷത്തെ കോൺട്രാക്ട് അവർ വാഗ്ദാനം ചെയ്തു കഴിഞ്ഞു. പുറമേ മികച്ച ഒരു സാലറിയും അദ്ദേഹത്തിന് ഓഫർ ചെയ്തിട്ടുണ്ട്.
ജീക്സണെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഓഫർ തന്നെയാണ്. ഇനി ഇവിടെ തീരുമാനമെടുക്കേണ്ടത് താരവും ബ്ലാസ്റ്റേഴ്സുമാണ്.ഈ സീസണിൽ ഷോൾഡർ ഇഞ്ചുറി കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. കൂടാതെ കളിച്ച മത്സരങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. താരത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനം ബ്ലാസ്റ്റേഴ്സ് എടുക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.