നമ്മളാണ് നന്നായി കളിക്കുന്നത്: ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്.ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെ ഈ സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ടു തുടങ്ങിയിട്ടുണ്ട്.
ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണെങ്കിലും വിജയം അവർ സ്വന്തമാക്കുകയായിരുന്നു. ഇതേക്കുറിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നന്നായി കളിക്കുന്നുവെന്നും അതുകൊണ്ടുതന്നെ തനിക്ക് വളരെയധികം ശുഭാപ്തി വിശ്വാസം ഉണ്ട് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
” നമ്മുടെ പ്രതിരോധം അത്ര മോശം ഒന്നുമല്ല. അവസരങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. ടീം എന്ന നിലയിൽ നമ്മൾ ദുർബലരല്ല.പക്ഷേ വ്യക്തിഗത പിഴവുകളാണ് തിരിച്ചടിയാകുന്നത്. പരിശീലന സെഷനുകളിൽ കൂടുതൽ ശ്രദ്ധ നൽകി ഇതെല്ലാം പരിഹരിച്ചെടുക്കണം. ഞങ്ങൾ നന്നായി ട്രെയിനിങ് നടത്തുന്നുണ്ട്.സമ്മർദ്ദത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്യണം.അതാണ് ഫുട്ബോൾ.ഞങ്ങൾ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എനിക്ക് വലിയ ശുഭാപ്തി വിശ്വാസം ഉള്ളത് ” ഇതാണ് കഴിഞ്ഞ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിശീലകന്റെ ആക്രമണ ശൈലി ഒരർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയാണ് ചെയ്യുന്നത്. ഹൈലൈൻ ഡിഫൻസ് ആയതുകൊണ്ട് തന്നെ എതിരാളികൾ പലപ്പോഴും വലിയ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും അത് ഗോളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമേ പ്രതിരോധനിര താരങ്ങളുടെ പിഴവുകളും ഗോൾകീപ്പർമാരുടെ പിഴവുകളും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്.