ആവശ്യമുള്ളത് നാല് താരങ്ങളെ,എല്ലാത്തിനും പഴി കേൾക്കേണ്ടി വരിക സ്റ്റാറേക്ക്!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ തന്നെ ക്ലബ്ബ് പുറത്തായിട്ടുണ്ട്. രണ്ട് ദുർബലർക്കെതിരെയുള്ള മത്സരങ്ങളിൽ മികച്ച വിജയം നേടി എന്നതൊഴിച്ചാൽ വളരെ മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്നത് ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ തന്നെ വളരെ വ്യക്തമായിരുന്നു. ഡിഫൻഡർ ഡ്രിൻസിച്ചിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇതിനേക്കാൾ വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല.നോഹ് സദോയി,കോയെഫ് എന്നിവരെ കൊണ്ടുവന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക് ഒരല്പമെങ്കിലും സന്തോഷം നൽകുന്ന കാര്യം.മികച്ച ഡൊമസ്റ്റിക് താരങ്ങളെ എത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ്.അതേസമയം പല താരങ്ങളെയും സമീപകാലത്ത് അവർ വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങൾ ക്ലബ്ബിന്റെ മാനേജ്മെന്റ് ഇപ്പോൾ നേരിടേണ്ടി വരുന്നുണ്ട്.
ട്വിറ്ററിലെ ഒരു ആരാധകന്റെ അഭിപ്രായത്തിൽ നിലവിൽ ബ്ലാസ്റ്റേഴ്സിന് നാല് പൊസിഷനുകളിലേക്കാണ് മികച്ച താരങ്ങളെ ആവശ്യമുള്ളത്.ഒന്ന് റൈറ്റ് ബാക്ക് പൊസിഷനിലേക്കാണ്.ഒരു മികച്ച ഇന്ത്യൻ താരത്തെ അവിടേക്ക് ആവശ്യമുണ്ട്. കൂടാതെ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലേക്ക് മികച്ച താരത്തെ ആവശ്യമുണ്ട്. എന്തെന്നാൽ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്.
ഡിഫൻസീവ് മിഡ്‌ഫീൽഡറായി കൊണ്ട് വിദേശ താരത്തെ തന്നെ കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.കൂടാതെ മുന്നേറ്റ നിരയിൽ റൈറ്റ് വിങ്ങിലേക്ക് ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. കൂടാതെ ഒരു സെന്റർ ഫോർവേഡിനെയും ആവശ്യമുണ്ട്. ഇടതുവിങ്ങിൽ നോഹ് മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. ബാക്കിയുള്ള മുന്നേറ്റ നിരയിലെ പൊസിഷനുകൾ എല്ലാം ദുർബലമാണ്.ചുരുക്കത്തിൽ ഈ നാല് പൊസിഷനുകളിലേക്കും സൈനിങ്ങുകൾ നിർബന്ധമാണ്.
പക്ഷേ അതൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്ന യാഥാർത്ഥ്യം ആരാധകർ ഉൾക്കൊള്ളുന്നുണ്ട്.മാനേജ്മെന്റ് അതൊന്നും നൽകാൻ പോകുന്നില്ല.അതുകൊണ്ടുതന്നെ പതിവുപോലെ ഈ സീസണിലും പ്രകടനം മോശമാകും. അതിന്റെ പഴി കേൾക്കേണ്ടി വരിക പരിശീലകനായ സ്റ്റാറേക്ക് തന്നെയായിരിക്കും. മാനേജ്മെന്റിനാണ് ആദ്യം മാറ്റം വരേണ്ടത് എന്നാണ് ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഒന്ന് രണ്ട് സൈനിങ്ങുകൾ കൂടി ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ വലിയ പ്രതീക്ഷകൾ വെക്കുന്നതിൽ അർത്ഥമില്ല.നിലവിൽ ഒരു ശരാശരി ടീം മാത്രമാണ് ബ്ലാസ്റ്റേഴ്സ്. ഇത്തവണയും വലിയ മുന്നേറ്റങ്ങൾ ഒന്നും കാഴ്ചവെക്കാൻ കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.