ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തി,അനൗൺസ്മെന്റ് ഉടൻ, വരുന്നത് സ്ക്കോട്ടിഷ് പരിശീലകനെന്ന് സൂചന!
കേരള ബ്ലാസ്റ്റേഴ്സ് ഒരു സുപ്രധാന തീരുമാനമായിരുന്നു ഈ സീസൺ അവസാനിച്ച ഉടനെ കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ക്ലബ് വിട്ടത്. രണ്ട് വിഭാഗങ്ങളും ഒത്തൊരുമിച്ചു കൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്നാണ് അറിയാൻ കഴിയുന്നത്.
ഏതായാലും അടുത്ത സീസണിലേക്ക് ഒരു പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുണ്ട്.അതിന്റെ അന്വേഷണങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോൾ അത് പൂർത്തിയായി കഴിഞ്ഞു എന്ന് റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുണ്ട്. അനൗൺസ്മെന്റ് ഉടൻ തന്നെ ഉണ്ടാകും എന്ന് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
പക്ഷേ ആരാണ് ആ പരിശീലകൻ എന്നത് വ്യക്തമായിട്ടില്ല.എന്നാൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.സ്കോട്ടിഷ് പരിശീലകനായ നിക്ക് മോന്റ്ഗോമറിയാണ് വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെയാണ് ബ്ലാസ്റ്റേഴ്സ് നിയമിക്കാൻ പോകുന്നത് എന്നാണ് സൂചനകൾ.
ഇംഗ്ലീഷ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ് നിക്ക്.നിലവിൽ അദ്ദേഹം പരിശീലക വേഷത്തിലാണ് ഉള്ളത്. ഓസ്ട്രേലിയൻ ലീഗിലെ പ്രമുഖ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.2021 മുതൽ 2023 വരെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. നിലവിൽ ഒരു സ്കോട്ടിഷ് ക്ലബ്ബിനെയാണ് അദ്ദേഹം പരിശീലിപ്പിക്കുന്നത്.
ഇദ്ദേഹമാണ് എന്നത് ഉറപ്പിക്കാനായിട്ടില്ല. പരിശീലകനായി കൊണ്ടുള്ള എക്സ്പീരിയൻസ് കുറവാണെങ്കിലും താരം എന്ന നിലയിൽ ഒരുപാട് എക്സ്പീരിയൻസ് ഉള്ള വ്യക്തിയാണ് നിക്ക്.ഇവാൻ വുക്മനോവിച്ചിനേക്കാൾ ഉയർന്നുനിൽക്കുക,കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളികളാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ ഇവിടെ കാത്തിരിക്കുന്നത്.