സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള 5 താരങ്ങൾ ഇല്ല,ശ്രീകുട്ടനും കോറോ സിങ്ങും ടീമിൽ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ക്ലബ്ബ് നടത്തുന്നത്. തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ പ്രീ സീസൺ നടത്തുന്നത്.മികേൽ സ്റ്റാറെ യുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫ് ഇന്നലെ തായ്‌ലാൻഡിൽ എത്തുകയും ചെയ്തിരുന്നു. താരങ്ങൾ ഓരോരുത്തരായി ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്യുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നാണ് പ്രീ സീസണിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്.അഡ്രിയാൻ ലൂണ,ഡ്രിൻസിച്ച്,പെപ്ര,സോറ്റിരിയോ,നൂഹ് സദൂയി എന്നിവരൊക്കെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ടീമിൽ ഇടം നേടാത്ത ചില താരങ്ങളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്ന് മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ് തന്നെയാണ്.
കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് തോളിന് പരിക്കേൽക്കുകയായിരുന്നു.തുടർന്ന് ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായി. അദ്ദേഹം ഇപ്പോഴും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ സച്ചിൻ ടീമിനോടൊപ്പം തായ്‌ലാൻഡിലേക്ക് പോയിട്ടില്ല.മറിച്ച് കൊച്ചിയിൽ തന്നെ തുടരുകയാണ്. റിഹാബിലിറ്റേഷൻ കൊച്ചിയിൽ വെച്ച് കൊണ്ടാണ് താരം നടത്തുക.
കൂടാതെ മറ്റു നാല് താരങ്ങൾ കൂടി ടീമിൽ ഇടം നേടിയിട്ടില്ല.ബിജോയ് വർഗീസ്,നിഹാൽ സുധീഷ്,ലിക്മാബാം രാകേഷ്,അരിത്ര ദാസ് എന്നിവരാണ് ആ നാല് താരങ്ങൾ.ഇതിൽ ബിജോയ്,നിഹാൽ എന്നിവർ ക്ലബ് വിടാനുള്ള ഒരുക്കത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.നിഹാൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ പഞ്ചാബിലേക്കാണ് പോകുന്നത്.
പുതിയ താരമായ രാകേഷ് ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല. അതേസമയം മലയാളി താരമായ ശ്രീകുട്ടൻ ടീമിനോടൊപ്പം ഉണ്ട്. കൂടാതെ ക്ലബ്ബിന്റെ റിസർവ് ടീമിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കോറോ സിംഗിംനും ടീമിനോടൊപ്പം പരിശീലനം നടത്താനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഈ താരങ്ങളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്നവരെയാണ് സ്റ്റാറെ അടുത്ത ഐഎസ്എല്ലിലേക്ക് ഉള്ള ഫൈനൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തുക.