പുതിയ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.തായ്‌ലാൻഡിൽ വെച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ദീർഘമായ പ്രീ സീസൺ നടത്തിയത്. ഇപ്പോൾ കൊൽക്കത്തയിലാണ് ക്ലബ്ബ് ഉള്ളത്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇക്കാലമത്രയും ട്രെയിനിങ് നടത്തിയത് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിലായിരുന്നു. എന്നാൽ ഈ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതായിരുന്നില്ല. ഇത്തവണ ഈ ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് മാറുകയാണ്. സൂപ്പർ ലീഗ് കേരളയുടെ വരവോടുകൂടിയാണ് ഈ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.
അതായത് സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന തൃശ്ശൂർ മാജിക് എഫ് സി,ഫോഴ്സാ കൊച്ചി എന്നീ രണ്ട് ക്ലബ്ബുകൾ ട്രെയിനിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് പനമ്പിള്ളി നഗർ ഗ്രൗണ്ടിലാണ്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് അവിടെനിന്ന് മാറേണ്ടി വരുകയാണ്. സ്വന്തമായി ഒരു ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് നിർമിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
കൊച്ചിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രെയിനിങ് ഗ്രൗണ്ട് വരുന്നത്.അതിന്റെ നിർമാണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറോടുകൂടി ട്രെയിനിങ് ഗ്രൗണ്ടിന്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ഐഎസ്എൽ സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുക പുതിയ മൈതാനത്ത് വച്ചു കൊണ്ടായിരിക്കും.
സെപ്റ്റംബർ മാസത്തിൽ തന്നെയാണ് ഐഎസ്എൽ നടക്കുക. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. ഇത്തവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ക്ഷാമത്തിന് അറുതി വരുത്താൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.