കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.മുംബൈ സിറ്റി, മോഹൻ ബഗാൻ തുടങ്ങിയ വമ്പൻമാരെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ വർഷത്തെ അവസാന മത്സരം ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.
ഇതുവരെ 12 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് എട്ട് വിജയം, രണ്ടു സമനില,രണ്ടു തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങൾ.26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. ഇനി കേരള ബ്ലാസ്റ്റേഴ്സ് ചെറിയ ഒരു ഇടവേള എടുക്കുകയാണ്.ന്യൂ ഇയറിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ട്രെയിനിങ് തുടങ്ങുക എന്ന കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ആദ്യ പകുതിയിലെ ഫിക്സ്ചർ മാത്രമാണ് ഇതുവരെ പുറത്ത് വിട്ടിട്ടുള്ളത്. രണ്ടാം പകുതിയിലെ ഫിക്സ്ചർ ഇനിയും പുറത്ത് വരേണ്ടതുണ്ട്. അതായത് ഇനി ബ്ലാസ്റ്റേഴ്സ് കളിക്കാൻ പോകുന്ന മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തേക്ക് വന്നിട്ടില്ല. മാത്രമല്ല ഐഎസ്എൽ മത്സരങ്ങൾക്ക് ഇനി ഒരു ചെറിയ ഇടവേളയാണ്. എന്തെന്നാൽ സൂപ്പർ കപ്പ് മത്സരങ്ങൾ ഇനി നടക്കാനുണ്ട്.
മുമ്പ് ഹീറോ സൂപ്പർ കപ്പ് എന്നറിയപ്പെടുന്ന കോമ്പറ്റീഷന്റെ ഇപ്പോഴത്തെ പേര് കലിംഗ സൂപ്പർ കപ്പ് ആണ്. ഒഡീഷയിൽ വച്ചുകൊണ്ടാണ് ഇത് നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ജനുവരി പത്താം തീയതിയാണ് സൂപ്പർ കപ്പിലെ ആദ്യ മത്സരം കളിക്കുക. ഐ ലീഗ് ക്ലബ്ബായ ഷില്ലോങ്ങ് ലെജോങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അതിനുശേഷം ജനുവരി പതിനഞ്ചാം തീയതി ജംഷെഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. തുടർന്ന് 5 ദിവസങ്ങൾക്ക് ശേഷം നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ആകെ നാല് ഗ്രൂപ്പുകളാണ് സൂപ്പർ കപ്പിൽ ഉള്ളത്.4 ഗ്രൂപ്പുകളിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന ടീമുകൾ സെമിയിലേക്ക് പ്രവേശിക്കും. സെമി ഫൈനൽ ലൈനപ്പാകും.ഇതുവരെ ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടുതന്നെ ഹീറോ സൂപ്പർ കപ്പിനെ കാര്യമായ രൂപത്തിൽ പരിഗണിച്ചാൽ ആ കിരീടം സ്വന്തമാക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്.അത്രയും മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.