ഈ കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഒരുപാട് പ്രതീക്ഷകൾ ആരാധകർക്ക് നൽകിയെങ്കിലും സീസണിന്റെ ഒടുക്കം പതിവുപോലെ തന്നെയായിരുന്നു. കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് തന്റെ സ്ഥാനം നഷ്ടമായതും.
ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. പല താരങ്ങളെയും കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ജസ്റ്റിൻ ഇമ്മാനുവൽ,മാർക്കോ ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ് എന്നിവരൊക്കെ ക്ലബ്ബ് വിടുകയാണ്. അതേസമയം 5 വിദേശ താരങ്ങളെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും എന്നത് ഉറപ്പായി.
അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്.വരുന്ന സീസണണിൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാകും. അതേസമയം പരിക്ക് കാരണം കഴിഞ്ഞ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമായ ജോഷുവ സോറ്റിരിയോ അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും.അദ്ദേഹത്തിന് ഒരു വർഷത്തെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.
അതുപോലെതന്നെ സെന്റർ ബാക്ക് പൊസിഷനിൽ മികച്ച പ്രകടനം നടത്തിയ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അതോടൊപ്പം തന്നെ പുതുതായി മുന്നേറ്റ നിരയിലേക്ക് നൂഹ് സദൂയിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വരവ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇവിടെ സംശയം നിലനിൽക്കുന്നത് ഡിമി,പെപ്ര എന്നിവരുടെ കാര്യത്തിലാണ്.ദിമിയെ നിലനിർത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.പക്ഷേ അത് ഫലം കാണുമോ എന്നുള്ളത് ഉറപ്പില്ല.ദിമി കരാർ പുതുക്കി കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് പെപ്രയെ കൈവിടും. അതല്ല ദിമി ക്ലബ്ബ് വിടുകയാണെങ്കിൽ പെപ്ര ക്ലബ്ബിനകത്ത് തുടരുക തന്നെ ചെയ്യും.
ഇങ്ങനെ 5 താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും.ഇനി ഒരു വിദേശ താരത്തെയാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക.അത് ഒരു സെന്റർ ബാക്കിനെ ആയിരിക്കും.ലെസ്ക്കോയുടെ സ്ഥാനത്തേക്കാണ് വിദേശ താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഇങ്ങനെ 6 വിദേശ താരങ്ങളുടെ കാര്യത്തിൽ ഉറപ്പുകൾ ഉണ്ടായിട്ടുണ്ട്. കൂടുതൽ വിദേശ താരങ്ങളെ കൊണ്ടു വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.