ഡ്രിൻസിച്ചിന് കൂട്ട് സ്വന്തം രാജ്യത്ത് നിന്ന് തന്നെ? മോന്റെനെഗ്രോ ഡിഫന്ററെ ബ്ലാസ്റ്റേഴ്സിന് വേണം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ഈ ദിവസങ്ങളിലായി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അതിലൊരു വിദേശ താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സാന്നിധ്യമായിരുന്നു ലെസ്ക്കോ.എന്നാൽ അദ്ദേഹത്തെ നിലനിർത്തേണ്ടതില്ല എന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ലെസ്ക്കോ ക്ലബ്ബ് വിട്ടത്.
നിലവിൽ ഒരു വിദേശ സെന്റർ ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഒരുപാട് പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.ടോം ആൽഡ്രെഡിനെ പോലെയുള്ള പല റൂമറുകളും വന്നിരുന്നു.എന്നാൽ അതിലൊന്നും തന്നെ പുരോഗതി ഉണ്ടായിട്ടില്ല. നിലവിൽ ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കിന് വേണ്ടിയുള്ള അന്വേഷണങ്ങൾ തുടരുകയാണ്.മോന്റെനെഗ്രൻ പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ ഉണ്ട്.25കാരനായ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അദ്ദേഹത്തിന് ഒരു പാർട്ണറെയാണ് നിലവിൽ വേണ്ടത്. ആ അന്വേഷണം ഇപ്പോൾ മറ്റൊരു മോന്റെനെഗ്രൻ താരത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.മിലോസ് ഡ്രിൻസിച്ചിന്റെ നാട്ടുകാരനായ നികോള സിപ്സിച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട് എന്ന റൂമറുകളാണ് ഇപ്പോൾ പുറത്തേക്കു വന്നിട്ടുള്ളത്.സ്പെയിനിൽ നിന്നാണ് ഈ വാർത്ത വന്നിട്ടുള്ളത്. അതായത് സ്പെയിനിലെ രണ്ടാം ഡിവിഷനായ ലാലിഗ ടൂവിലാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
2019 മുതൽ ലാലിഗ 2 ക്ലബായ ടെനിറെഫെക്ക് വേണ്ടിയാണ് ഈ സെന്റർ ബാക്ക് കളിക്കുന്നത്.അവർക്ക് വേണ്ടി നൂറിൽപരം മത്സരങ്ങളിൽ ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.താരം ആ ക്ലബ്ബിനോട് വിട പറയാൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റിക്കും ഈ താരത്തിൽ താല്പര്യമുണ്ടെന്ന് ഈ ലാലിഗ ക്ലബ്ബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോന്റെനെഗ്രൻ താരമായതുകൊണ്ട് തന്നെ അദ്ദേഹത്തെ ഡ്രിൻസിച്ച് വഴി കൺവിൻസ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചേക്കും. പക്ഷേ ഈ റൂമറുകളിൽ ഇനിയും പ്രോഗ്രസ് വരേണ്ടതുണ്ട്. 29 വയസ്സുള്ള ഈ താരം മോന്റെനെഗ്രോ ദേശീയ ടീമിന് വേണ്ടി 6 മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്.