കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ സൈനിങ്ങുകൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പല ടീമുകളും തങ്ങളുടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു. നാല് വിദേശ താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുള്ളത്. പകരം രണ്ട് വിദേശ താരങ്ങളെയാണ് ഇതുവരെ ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.
വരുന്ന ഡ്യൂറന്റ് കപ്പിന് ഫുൾ സ്‌ക്വാഡ് ഉണ്ടാകുമെന്നുള്ള വാഗ്ദാനം ആരാധകർക്ക് ഉടമസ്ഥൻ നൽകിയിരുന്നു. പക്ഷേ അത് നിറവേറില്ല എന്നത് ഉറപ്പായി കഴിഞ്ഞു. കാരണം ഇനിയും ഒരുപാട് സൈനിങ്ങുകൾ ബാക്കിയാണ്. പക്ഷേ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇപ്പോൾ മനസ്സിലാകുന്നില്ല. ബാക്കിയുള്ള രണ്ട് വിദേശ താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ്.ആഷിഷ് നേഗിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജോഷുവ സോറ്റിറിയോ,ക്വാമെ പെപ്ര എന്നിവരിൽ ഒരാൾ മാത്രമാണ് ക്ലബ്ബിൽ തുടരുക എന്ന നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ പെപ്രയെ ലോൺ അടിസ്ഥാനത്തിൽ വിടാനായിരുന്നു ക്ലബ്ബിന്റെ പ്ലാൻ.ഈ അവസരത്തിലാണ് സോറ്റിരിയോക്ക് പരിക്കേൽക്കുന്നത്. ഇതോടെ പെപ്രയെ ലോണിൽ വിടാനുള്ള തീരുമാനത്തിൽ നിന്നും ബ്ലാസ്റ്റേഴ്സ് പിന്മാറി എന്ന വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് നേഗി പറഞ്ഞിട്ടുള്ളത്.
അതായത് സോറ്റിരിയോയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ പെപ്രയെ ലോണിൽ വിടാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ആവശ്യമായ വിദേശ താരങ്ങൾ ക്ലബ്ബിൽ ഉണ്ടാവില്ല എന്നർത്ഥം. കൂടുതൽ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തുമോ എന്നത് വ്യക്തമല്ല.പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പെപ്രക്ക് കഴിഞ്ഞിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ പരിശീലകൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും എല്ലാവരെയും വിറ്റൊഴിവാക്കുന്ന ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങ്ങുകൾ ഒന്നും നടത്താത്തതിൽ ആരാധകരുടെ രോഷത്തിലാണ്. ഇത്തവണയും കിരീടങ്ങൾ ഒന്നുമില്ലാതെ സീസൺ അവസാനിപ്പിക്കേണ്ട വരുമോ എന്നതാണ് ആരാധകരുടെ ആശങ്ക.