കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടിട്ട് ഇന്നേക്ക് കൃത്യം 10 വർഷം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. അതായത് 2014 മെയ് 27ആം തീയതിയായിരുന്നു ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടത്. അതിന്റെ പത്താം വാർഷികമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി കൊണ്ട് ഒരു പോസ്റ്റർ കേരള ബ്ലാസ്റ്റേഴ്സ് പ്രസിദ്ധീകരിച്ചിരുന്നു.
സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒക്കെ തന്നെയും ബ്ലാസ്റ്റേഴ്സ് ഈ പോസ്റ്റർ പോസ്റ്റ് ചെയ്തിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ പത്ത് വർഷത്തെ യാത്രയുടെ ഭാഗമായി ഉണ്ടായിരുന്ന പ്രധാനപ്പെട്ട താരങ്ങളുടെയും പരിശീലകരുടെയും ചിത്രങ്ങളായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. മികച്ച രൂപത്തിലുള്ള ഒരു പോസ്റ്റർ തന്നെയാണ് നിർമ്മിക്കപ്പെട്ടത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
പക്ഷേ പ്രധാനപ്പെട്ട ഒരു തെറ്റ് അവിടെ സംഭവിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാൻ വുക്മനോവിച്ചിന്റെ ചിത്രം ആ പോസ്റ്ററിൽ ഇല്ല.കഴിഞ്ഞ മൂന്നു വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച, മൂന്ന് വർഷവും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിച്ച ഇവാൻ വുക്മനോവിച്ചിനെ ആ പോസ്റ്ററിൽ ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
ഇവാനെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ അതോ അബദ്ധം സംഭവിച്ചതാണോ എന്നത് വ്യക്തമല്ല. പക്ഷേ വലിയ പ്രതിഷേധങ്ങൾ ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് എക്‌സിൽ ഇക്കാര്യത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനെ ഒഴിവാക്കിയത് നാണക്കേടാണ് എന്നാണ് കമന്റ് ആയി കൊണ്ട് പലരും എഴുതിയിട്ടുള്ളത്.
കഴിഞ്ഞ ആറു വർഷക്കാലം ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് മേരകി ഗ്രൂപ്പ് ആയിരുന്നു.ഇത്തവണയാണ് അതിൽ മാറ്റം വരുത്തിയത്.മേരകി ഗ്രൂപ്പിനെ ഒഴിവാക്കിക്കൊണ്ട് ടിങ് എന്ന ഏജൻസിയെ നിയമിച്ചത് ദിവസങ്ങൾക്കു മുൻപാണ്.അവർക്കാണ് ഇപ്പോൾ ഈ ഒരു അബദ്ധം പറ്റിയിരിക്കുന്നത്.