ദിമിയുടെ കാര്യത്തിൽ മറ്റൊരു നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്,ഫലം കാണുമോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം സ്ട്രൈക്കർ ദിമിത്രിയോസാണ്. സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരമാണ് ഇദ്ദേഹം.ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ദിമി തന്നെയാണ്. 17 മത്സരങ്ങൾ മാത്രം കളിച്ച താരം 13 ഗോളുകൾ നേടിയിട്ടുണ്ട്.
പക്ഷേ ദിമിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക മാത്രമാണ് ഉള്ളത്. ക്ലബ്ബുമായുള്ള രണ്ട് വർഷത്തെ കോൺട്രാക്ട് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.താരം ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയിട്ടില്ല.നിലവിൽ ഫ്രീ ഏജന്റ് ആണ്.ഏത് ക്ലബ്ബിലേക്ക് വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ദിമിക്കുണ്ട്.
പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദേശിക്കുന്നത്. ആദ്യം ഒരു ഓഫർ ദിമിക്ക് ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.എന്നാൽ താരം അത് സ്വീകരിച്ചിരുന്നില്ല. അദ്ദേഹം പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഓഫർ ആയിരുന്നില്ല അത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മറ്റൊരു നീക്കം നടത്തിക്കഴിഞ്ഞു. മറ്റൊരു ഓഫറുമായി അവർ ദിമിയെ സമീപിക്കുകയാണ് ചെയ്തിട്ടുള്ളത്.
എന്നാൽ ദിമി ഈ ഓഫർ സ്വീകരിക്കുമോ എന്നുള്ളത് വ്യക്തമല്ല. കൂടുതൽ മെച്ചപ്പെട്ട ഓഫർ തന്നെയാണ് ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുള്ളത്.പക്ഷേ മറ്റു പല ക്ലബ്ബുകൾക്കും ഈ സ്ട്രൈക്കറേ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ആകർഷകമായ ഓഫറുകൾ മറ്റു ക്ലബ്ബുകളിൽ നിന്നും ലഭിച്ചതുകൊണ്ടാണ് ദിമിക്ക് കൺഫ്യൂഷൻ നിലനിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്ത് വിലകൊടുത്തും താരത്തെ നിലനിർത്തണം, നഷ്ടമായാൽ ഇതുപോലെത്തെ ഒരു താരത്തെ പിന്നീട് ലഭിക്കില്ല എന്നൊക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സ് ഗോൾ അടിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ആശ്രയിച്ച താരം ദിമി തന്നെയാണ്. അദ്ദേഹത്തെ നഷ്ടമായി കഴിഞ്ഞാൽ അത് വലിയൊരു വിടവ് തന്നെയായിരിക്കും.