ഈ സീസണിൽ ഗംഭീര തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷം പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 12 മത്സരങ്ങളിൽ എട്ടിലും വിജയങ്ങൾക്ക് സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
ഈ ട്രാൻസ്ഫർ വിന്റോയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ എത്തിക്കുക എന്നുള്ളതാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഇപ്പോൾ പുറത്തേക്ക് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് താരങ്ങളെ വിട്ടുകളയാൻ കേരള ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട്. പ്രതിരോധനിരയിലെ ഇന്ത്യൻ സാന്നിധ്യമായ ഹോർമിപാം, മുന്നേറ്റ നിരയിലെ താരം ബിദ്യസാഗർ സിംഗ്,ബ്രയിസ് മിറാണ്ട എന്നീ താരങ്ങളെ ഒഴിവാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.IFT ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പക്ഷേ അന്തിമ തീരുമാനം കേരള ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല.അത് ഉടൻ തന്നെയുണ്ടാകും. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഈ മൂന്ന് പേരെ ഒഴിവാക്കണോ അതോ,ഈ സീസൺ അവസാനിച്ചതിനുശേഷം ഒഴിവാക്കിയാൽ മതിയോ എന്ന കാര്യത്തിലാണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം എടുക്കാനുള്ളത്. ഫൈനൽ ഡിസിഷൻ അധികം വൈകാതെ ഉണ്ടാകുമെന്ന് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോർമിയെ സ്വന്തമാക്കാൻ ഒരുപാട് ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. മുംബൈ സിറ്റിക്കും ബംഗളൂരു എഫ്സിക്കും താരത്തിൽ താല്പര്യമുണ്ട്.അദ്ദേഹം ജനുവരിയിൽ ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്.മതിയായ അവസരങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നില്ല. മികച്ച സ്ട്രൈക്കർ ആയ ബിദ്യ ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക്ക് ഒക്കെ നേടിയ താരമാണ്.എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹത്തിന് ഒട്ടും അവസരങ്ങൾ ലഭിച്ചിട്ടില്ല.
ബിദ്യക്ക് അർഹമായ അവസരങ്ങൾ നൽകണമെന്ന ആവശ്യം ഈയിടെ ആരാധകർക്കിടയിൽ നിന്ന് ഉയർന്നു കേട്ടിരുന്നു.താരം ക്ലബ്ബ് വിട്ടാലും അത്ഭുതപ്പെടാനില്ല. അതുപോലെതന്നെ ബ്രയിസ് മിറാണ്ടക്കും അവസരങ്ങൾ ലഭിക്കുന്നില്ല.ഏതായാലും ഈ മൂന്ന് താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു കാണുന്നത്.ഈ മൂന്ന് താരങ്ങൾക്കും മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വന്നിട്ടുണ്ട്. ഇനി കേരള ബ്ലാസ്റ്റേഴ്സ് ആണ് അന്തിമ തീരുമാനം എടുക്കാൻ ഉള്ളത്.