ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലെ എതിരാളികൾ തീരുമാനമായി, ആരാധകർ ഭയപ്പെട്ടത് തന്നെ സംഭവിച്ചു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു മത്സരങ്ങളാണ് നടന്നിട്ടുള്ളത്.ജംഷെഡ്പൂരും ഗോവയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ഗോവ വിജയിക്കുകയായിരുന്നു.അതേസമയം മറ്റൊരു നിർണായകമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിക്കാൻ ചെന്നൈയിൻ എഫ്സിക്ക് സാധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ വിജയം.
ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് പട്ടികയുടെ ഏകദേശം ചിത്രം തെളിഞ്ഞിട്ടുണ്ട്.ആറാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് നോർത്ത് ഈസ്റ്റ് പുറത്തായി.ഈസ്റ്റ് ബംഗാൾ, ചെന്നൈ എന്നിവരിൽ ഒരാളായിരിക്കും ആറാം സ്ഥാനം നേടുക. കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. നാലാം സ്ഥാനത്ത് ഒഡിഷയും മൂന്നാം സ്ഥാനത്ത് ഗോവയുമുണ്ട്. നിലവിൽ ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റിയും രണ്ടാം സ്ഥാനത്ത് മോഹൻ ബഗാനുമാണ് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലെ ആരാണ് എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമായിരുന്നു. അതിപ്പോൾ തീരുമാനമായിട്ടുണ്ട്.പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെയാണ് നേരിടുക. അതും ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വരിക.ബ്ലാസ്റ്റേഴ്സ് ആരാധകർ ഭയപ്പെട്ടത് സംഭവിച്ചു എന്ന് തന്നെ പറയേണ്ടിവരും.
കാരണം കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടില്ല. സമനിലകളും പരാജയങ്ങളും മാത്രമാണ് അവർക്കുള്ളത്. മാത്രമല്ല കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷാ ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടും ഇല്ല.ചുരുക്കത്തിൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു വെല്ലുവിളി തന്നെയാണ് കാത്തിരിക്കുന്നത്.ലൊബേറയും സംഘവും ഇപ്പോൾ മിന്നുന്ന ഫോമിൽ കളിക്കുന്നവരാണ്.
അതേസമയം സമയം ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തുന്നത്. അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒമ്പതു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒഡീഷയോട് അവസാനമായി കളിച്ച മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. ഏതായാലും എതിരാളികൾക്കെതിരെ ഒരു ജീവൻ മരണ പോരാട്ടം ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.