കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നത് പല ഫുട്ബോൾ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചെറുതല്ലാത്ത ഒരു മാറ്റങ്ങൾ ഈ സീസണിന് ശേഷം നമുക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ പ്രതീക്ഷിക്കാൻ സാധിക്കും. ചില സുപ്രധാന താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൊറോക്കൻ താരമായ നൂഹ് സദൂയിയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം നിലവിൽ എഫ്സി ഗോവയുടെ താരമാണ്.ക്ലബ്ബുമായുള്ള രണ്ടു വർഷത്തെ കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാകും. ആ കരാർ പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരികയാണ്.
നൂഹ് ബ്ലാസ്റ്റേഴ്സുമായി വെർബൽ അഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നുള്ള കാര്യം പലരും റിപ്പോർട്ട് ചെയ്തിരുന്നു.രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹം സൈൻ ചെയ്യുന്നത്. പക്ഷേ ഇക്കാര്യം ഒഫീഷ്യലായിട്ടില്ല.എന്നാൽ നൂഹ് കേരള ബ്ലാസ്റ്റേഴ്സിലേക്കാണ് എന്നതിന്റെ ഒരു വലിയ സൂചന ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. അതായത് മുൻപ് ഗോവയിൽ വെച്ച് നൂഹിനൊപ്പം കളിച്ചിട്ടുള്ള സഹതാരമാണ് ഐബൻബാ ഡോഹ്ലിങ്. അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്.
സീസണിന്റെ തുടക്കത്തിൽ അദ്ദേഹം കുറച്ചു മത്സരങ്ങൾ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നുവെങ്കിലും പരിക്കു കാരണം പുറത്താവുകയായിരുന്നു.ഇന്നലെ ഐബൻ തന്റെ ഇരുപത്തിയെട്ടാമത് ജന്മദിനം ആഘോഷിച്ചിരുന്നു.അതിന് ആശംസകൾ നേർന്നുകൊണ്ട് നൂഹ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.ഐബനൊപ്പം നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. പിറന്നാൾ ആശംസകൾ സഹോദരാ എന്ന് പറഞ്ഞു കൊണ്ട് ഐബനെ മെൻഷൻ ചെയ്യുകയാണ് നൂഹ് ചെയ്തിട്ടുള്ളത്.ഈ ഇൻസ്റ്റഗ്രാം സ്റ്റോറി ഐബൻ പങ്കുവെച്ചിട്ടുണ്ട്. നന്ദി എന്നാണ് ഐബൻ കുറിച്ചിട്ടുള്ളത്.
ഉടനെ തന്നെ ഒരുമിക്കാം എന്നും ഐബൻ എഴുതിയിട്ടുണ്ട്. അതായത് ഈ സീസണിന് ശേഷം നൂഹ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നുകൊണ്ട് ഇരുവരും ഒരുമിക്കും എന്നതിന്റെ ഒരു സൂചനയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.ഏതായാലും ഇത് ആരാധകർക്ക് ഇപ്പോൾ സന്തോഷം നൽകുന്ന കാര്യമാണ്.