ഡ്യൂറൻഡ് കപ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് നേടിയിട്ടുള്ളത്.ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുള്ളത്.16 ഗോളുകളാണ് ക്ലബ്ബ് നേടിയിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയിട്ടുള്ളത്. പൊതുവേ ദുർബലരായ എതിരാളികളായിരുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു. ഏതായാലും ഡ്യൂറന്റ് കപ്പിലെ ആദ്യ 5 ടോപ് സ്കോറർമാരുടെ ലിസ്റ്റ് ഇപ്പോൾ അവർ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യ അഞ്ചുപേരിൽ 3 താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സമ്പൂർണ്ണ ആധിപത്യമാണ് നമുക്കിവിടെ കാണാൻ സാധിക്കുക.ഒന്നാം സ്ഥാനത്ത് വരുന്നത് മറ്റാരുമല്ല,നോഹ് സദോയി തന്നെയാണ്.3 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് നോഹ് സദോയി നേടിയിട്ടുള്ളത്. 2 ഹാട്രിക്കുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.ഇതിന് പുറമേ രണ്ട് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് താരമായ പെപ്രയാണ് വരുന്നത്.3 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകൾ നേടിയിട്ടുണ്ട്. ഒരു ഹാട്രിക്ക് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അസിസ്റ്റുകളുടെ കണക്കിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും പെപ്ര തന്നെയാണ്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് വരുന്നത് പഞ്ചാബിന്റെ ലൂക്ക മേയ്സണാണ്. 3 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തെ ബംഗളൂരു എഫ്സിയുടെ പെരേര ഡയസ് വരുന്നു.മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ തന്നെയാണ് അദ്ദേഹവും നേടിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ ഐമൻ അഞ്ചാം സ്ഥാനത്ത് വരുന്നുണ്ട്. മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതിന് പുറമേ അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. അങ്ങനെ കേരള ബ്ലാസ്റ്റേഴ്സ് ടോപ് സ്കോറർ പട്ടിക അടക്കി ഭരിക്കുകയാണ്.ഇനിയുള്ള മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈ ഗോളടി മേളം തുടരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.