കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് നേരിടുക. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കുന്നത്. വിജയിച്ചുകൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയുള്ള ശ്രമമായിരിക്കും മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗത്ത് നിന്നുണ്ടാവുക.
എന്നാൽ ചില പ്രധാനപ്പെട്ട താരങ്ങൾക്ക് വിശ്രമം നൽകാൻ വുക്മനോവിച്ച് തീരുമാനിച്ചിട്ടുണ്ട്.പ്ലേ ഓഫിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ ഇന്നത്തെ ഹൈദരാബാദത്തിനെതിരെയുള്ള മത്സരത്തിൽ ചില താരങ്ങൾ സൂക്ഷിച്ചു കളിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പ്ലേ ഓഫിൽ അതിന് വലിയ വില നൽകേണ്ടിവരും.
അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ നാല് സൂപ്പർതാരങ്ങൾ ഇപ്പോൾ വിലക്ക് ഭീഷണിയിലാണ്.അഡ്രിയാൻ ലൂണ,മുഹമ്മദ് അസ്ഹർ,പ്രീതം കോട്ടാൽ,സന്ദീപ് സിംഗ് എന്നിവരാണ് വിലക്ക് ഭീഷണിയിൽ ഉള്ളത്.അതായത് ഈ താരങ്ങൾക്ക് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ വിലക്കാണ്.
അതിനർത്ഥം പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇവരെ നഷ്ടമാകും എന്നതാണ്. അതുകൊണ്ടുതന്നെ ഈ താരങ്ങൾ കളിക്കുകയാണെങ്കിൽ യെല്ലോ കാർഡ് വഴങ്ങാതെ സൂക്ഷിക്കേണ്ടതുണ്ട്.മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുമോ ഇല്ലയോ എന്നുള്ളതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ കുറച്ച് മിനിറ്റുകൾ അദ്ദേഹത്തിനു നൽകാൻ വുക്മനോവിച്ച് തയ്യാറായ്യേക്കുമെന്നാണ് സൂചനകൾ.
പ്ലേ ഓഫിൽ ഒഡീഷ എഫ്സിയെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടി വരിക.പ്ലേ ഓഫിൽ എങ്കിലും താരങ്ങൾ കൂടുതൽ ഊർജ്ജത്തോടെ കളിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സീസണിന് സമാനമായ അവസ്ഥയിൽ തന്നെയാണ് ഈ സീസണുള്ളത്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാംഘട്ടത്തിലാണ് കാലിടറാറുള്ളത്.