ഈ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് പിടിപ്പത് പണി,ലൂണയും ദിമിയും ഉൾപ്പെടെയുള്ള 12 താരങ്ങളുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ വളരെ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. 12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരവും വിജയത്തോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചത്.

എന്നാൽ ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് അധികൃതരെ കാത്തിരിക്കുന്നത് പിടിപ്പത് പണിയാണ്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 12 താരങ്ങളുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. ഈ താരങ്ങളുടെയെല്ലാം ഭാവിയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു തീരുമാനം കാണേണ്ടതുണ്ട്. അതെല്ലാം പരിഹരിക്കപ്പെടേണ്ടതുമുണ്ട്.

ഇതിൽ വളരെ പ്രധാനപ്പെട്ട താരങ്ങൾ വരുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം. നായകൻ അഡ്രിയാൻ ലൂണ, സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് എന്നിവരുടെ കരാറുകൾ വരുന്ന സമ്മറിൽ അവസാനിക്കും. എന്നാൽ ഈ കരാറുകൾ ഇപ്പോൾ തന്നെ പുതുക്കണം എന്ന ആവശ്യം ആരാധകർക്കിടയിൽ വളരെ ശക്തമാണ്. കാരണം ഈ രണ്ടു താരങ്ങളെയും നഷ്ടമായാൽ അത് വലിയ ഒരു വിടവ് തന്നെയായിരിക്കും.

അതുപോലെതന്നെ പ്രതിരോധനിരയിലെ കരുത്തരായ മാർക്കോ ലെസ്ക്കോവിച്ച്,മിലോസ് ഡ്രിൻസിച്ച് എന്നിവരുടെ ക്ലബ്ബുമായുള്ള കരാറും അവസാനിക്കും. ഈ താരങ്ങളുടെയും കരാർ പുതുക്കിക്കൊണ്ട് നിലനിർത്തണമെന്ന് തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. അതുപോലെതന്നെ ഡൈസുകെ സകായ്,ഫെഡോർ ചെർനിച്ച് എന്നീ താരങ്ങൾക്കും ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമാണ് കരാർ അവശേഷിക്കുന്നത്.ഇവരുടെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

കൂടാതെ ഇന്ത്യൻ താരങ്ങളായ ലാറ ശർമ്മ, കരഞ്ജിത്ത് സിംഗ്,വിബിൻ മോഹനൻ,സുഖം മെയ്തെ,നവോച്ച സിംഗ്,ബിദ്യാശാഗർ എന്നിവരുടെയും ക്ലബ്ബുമായുള്ള കരാർ അവസാനിക്കും.വിബിനെ ബ്ലാസ്റ്റേഴ്സ് കൈവിടില്ല എന്നത് ഉറപ്പാണ്. ചുരുക്കത്തിൽ ഈ സീസണിന് ശേഷം ക്ലബ്ബിനകത്ത് വലിയ ഒരു അഴിച്ചു പണി പതിവുപോലെ നമുക്ക് പ്രതീക്ഷിക്കാം.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment