പെപ്രയും ലൂണയും തുടരും,ദിമിയുടെ കാര്യത്തിൽ നിരാശ,പ്രീതം-പ്രബീർ എങ്ങോട്ട്?
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഓൾ റെഡി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു സുപ്രധാന മാറ്റം കേരള ബ്ലാസ്റ്റേഴ്സ് വരുത്തിക്കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടുകഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സും ഇവാനും ഒരുമിച്ചാണ് ഈയൊരു തീരുമാനമെടുത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഒരു പുതിയ പരിശീലകൻ കീഴിലായിരിക്കും അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഏതായാലും താരങ്ങളുടെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.എന്നാൽ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ സംശയങ്ങൾ ഒന്നും വേണ്ട.ബ്ലാസ്റ്റേഴ്സിന് കൃത്യമായ നിലപാട് ഉണ്ട്. അദ്ദേഹത്തിന്റെ കരാർ ദീർഘിപ്പിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല അദ്ദേഹത്തെ നിലനിർത്തും എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. ക്ലബ്ബ് വിടാൻ അഡ്രിയാൻ ലൂണ നിർബന്ധം പിടിച്ചാൽ മാത്രമാണ് സങ്കീർണതകൾ ഉണ്ടാവുക.
അല്ലാത്തിടത്തോളം കാലം ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും.ക്വാമെ പെപ്രക്ക് കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രകടനത്തിൽ ക്ലബ്ബ് സംതൃപ്തരാണ്. കൂടുതൽ ഗോളുകൾ ഒന്നും നേടിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ടീമിന് ഏറെ ഗുണകരമാണ് എന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്താനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ദിമിയുടെ കാര്യത്തിൽ മാത്രമാണ് നിരാശകൾ ബാക്കിയുള്ളത്.
പുതിയ ഓഫർ നൽകിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.പക്ഷേ അദ്ദേഹം അതിനോട് ഒരു വലിയ താല്പര്യം കാണിച്ചിട്ടില്ല.അതു തന്നെയാണ് നിരാശയുടെ കാര്യം. ഇന്ത്യൻ സൂപ്പർ താരങ്ങളായ പ്രീതം കോട്ടാൽ,പ്രബീർ ദാസ് എന്നിവർ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. രണ്ടുപേർക്കും ഒരു വർഷത്തെ കോൺട്രാക്ട് കൂടി ബ്ലാസ്റ്റേഴ്‌സുമായി അവശേഷിക്കുന്നുണ്ട്.രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത.
ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പുതിയ പരിശീലകന്റെ നിയമനം തന്നെയാണ്. അദ്ദേഹം വന്നതിനുശേഷമാണ് ഏതൊക്കെ താരങ്ങൾ തുടരും? ഏതൊക്കെ താരങ്ങൾ ക്ലബ്ബ് വിടും എന്നതിൽ വ്യക്തമായ ധാരണകൾ ലഭിക്കുകയുള്ളൂ.ഏതായാലും മികച്ച താരങ്ങളെ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.