ബ്ലാസ്റ്റേഴ്സിന്റെ പിള്ളേരുടെ വിളയാട്ടം,ടോപ് സ്കോറർ പട്ടിക ഇങ്ങടുത്തു!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗംഭീര വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടേഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് 6 ഗോളുകൾ നേടിക്കൊണ്ട് വിജയം ഉറപ്പാക്കിയിരുന്നു. മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര മത്സരത്തിൽ പുറത്തെടുത്തത്.

എടുത്ത് പറയേണ്ടത് സൂപ്പർതാരം നോഹ് സദോയിയെ തന്നെയാണ്. ഒരു ഹാട്രിക്ക് കൂടി അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തിലും ഹാട്രിക്ക് സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. മൂന്ന് ഗോളുകൾക്ക് പുറമേ രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. അതായത് ഇന്നലെ ബ്ലാസ്റ്റേഴ്സ് നേടിയ ഏഴു ഗോളുകളിൽ അഞ്ചിലും ഈ മൊറോക്കൻ താരത്തിന്റെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. മറ്റൊരു സൂപ്പർതാരമായ പെപ്രയുടെ സാന്നിധ്യം നാല് ഗോളുകളിൽ ഉണ്ടായിരുന്നു.

ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് പെപ്ര ഈ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ രണ്ടു സൂപ്പർ താരങ്ങൾ തന്നെയാണ് ഡ്യൂറൻഡ് കപ്പിലെ ടോപ്പ് സ്കോറർ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത്. 6 ഗോളുകൾ നേടിക്കൊണ്ടാണ് നോഹ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്താണ് പെപ്ര വരുന്നത്. അദ്ദേഹം മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് നേടിയിട്ടുള്ളത്.ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് തോൽപ്പിച്ചവരാണ് കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി. പക്ഷേ ഇപ്പോൾ മറ്റൊരു ഗംഭീര വിജയം നേടിക്കൊണ്ട് ക്വാർട്ടർ ഫൈനൽ ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കുകയും ചെയ്തു. അതിന് നന്ദി പറയേണ്ടത് നോഹ്-പെപ്ര എന്നിവരുടെ കൂട്ടുകെട്ടിനോട് തന്നെയാണ്.

മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. വഴങ്ങിയത് ഒരു ഗോൾ മാത്രം.പക്ഷേ പൊതുവെ ദുർബലർക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം വന്നിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സ് യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുക.

Kerala BlastersNoah Sadaoui
Comments (0)
Add Comment